മുഖ്യമല്ലാത്ത ആസ്തികള്‍ വില്‍ക്കാന്‍ 74% കമ്പനികള്‍ ഒരുങ്ങുന്നു
1 min readവിഭജന തന്ത്രം ആവിഷ്കരിക്കുമ്പോള്‍ പ്രവര്‍ത്തന കാര്യക്ഷമതയ്ക്ക് മുന്‍ഗണന നല്‍കാനും സിഇഒമാര്‍ ശ്രമിക്കുന്നു
ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ തുടര്‍ച്ച ഭൂരിഭാഗം കമ്പനികളെയും തങ്ങളുടെ മുഖ്യമല്ലാത്ത ആസ്തികള്‍ വിറ്റഴിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇ.വൈ ഇന്ത്യ കോര്‍പ്പറേറ്റ് ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് സ്റ്റഡി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 74 കമ്പനികളും അടുത്ത 24 മാസത്തിനുള്ളില്‍ മുഖ്യമല്ലാത്ത ആസ്തികളില്‍ നിന്ന് പിന്മാറാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞു.
തങ്ങളുടെ പ്രധാന ബിസിനസ്സിലെ ദീര്‍ഘകാല മൂല്യ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കൂടുതലായി പ്രാമുഖ്യം നല്‍കണമെന്ന ചിന്തയാണ് കമ്പനികള്‍ക്ക് ഇപ്പോഴുള്ളത്. മുഖ്യമല്ലാത്ത ആസ്തികളുടെ വില്‍പ്പനയ്ക്കൊരുങ്ങുന്ന കമ്പനികളില്‍ ഭൂരിഭാഗവും (80%), വില്‍പ്പനയില്‍ നിന്നു ലഭിക്കുന്ന പണം തങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
വിഭജന തന്ത്രം ആവിഷ്കരിക്കുമ്പോള്‍ പ്രവര്‍ത്തന കാര്യക്ഷമതയ്ക്ക് മുന്‍ഗണന നല്‍കാനും സിഇഒമാര്‍ ശ്രമിക്കുന്നു.ദീര്‍ഘകാലത്തേക്ക് മൂല്യം സൃഷ്ടിക്കുന്നതിനുള്ള ശേഷിയാണ് ആസ്തികളെ കൈയൊഴിയുന്നതില്‍ പ്രധാനമായും പരിഗണിക്കുകയെന്ന് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം സിഇഒമാരും പറയുന്നു.
വിഭജനം പ്രാബല്യത്തില്‍ വരുത്തിയ ശേഷം, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും പ്രധാന ബിസിനസ്സിലുടനീളമുള്ള ഉയര്‍ന്ന വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിച്ചുവെന്ന് 53 ശതമാനം സിഎഫ്ഒകളും പറയുന്നു. 30 ഓളം ഇന്ത്യന്‍ കമ്പനികളിലാണ് സര്‍വെ നടത്തിയിട്ടുള്ളത്.