ഇന്ത്യയിലെ റോഡ് ലോജിസ്റ്റിക്സ് മേഖല 6-9% വളര്‍ച്ച കൈവരിക്കും: ഐസിആര്‍എ
1 min readകടല്‍മാര്‍ഗമുള്ള ചരക്ക് ഗതാഗതം, മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് സാവധാനത്തിലാണ് വളര്‍ച്ച പ്രകടമാക്കുന്നത്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര റോഡ് ലോജിസ്റ്റിക് മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6-9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ അറിയിച്ചു. ലോജിസ്റ്റിക് മേഖല 202021 രണ്ടാം പകുതിയെ അപേക്ഷിച്ച് ശക്തമായ വീണ്ടെടുക്കല്‍ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ വരുമാനത്തിലും ലാഭത്തിലും കുത്തനേയുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ 2021-22ന്‍റെ ആദ്യ പാദത്തില്‍ ഇതിന്‍റെ നേര്‍വിപരീതമായ പ്രവണതയാണ് പ്രകടമായിട്ടുള്ളത്.
2020-21 നാലാം പാദത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 9 ശതമാനം വളര്‍ച്ചയാണ് ലോജിസ്റ്റിക് മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മിക്ക ലോജിസ്റ്റിക് കമ്പനികളും ചരക്ക് അളവില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. റെയില്‍വേ ചരക്ക് ഗതാഗതവും സമാനമായ പ്രവണതയാണ് രേഖപ്പെടുത്തിയത്. 2020-21 നാലാം പാദത്തിലും മൂന്നാംപാദത്തിലും യഥാക്രമം 13 ശതമാനത്തിന്‍റെയും 11 ശതമാനത്തിന്‍റെയും വളര്‍ച്ചയാണ് റെയില്‍വേ ചരക്കുനീക്കത്തില്‍ ഉണ്ടായത്.
കടല്‍മാര്‍ഗമുള്ള ചരക്ക് ഗതാഗതം, മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് സാവധാനത്തിലാണ് വളര്‍ച്ച പ്രകടമാക്കുന്നത്. വിതരണ ശൃംഖലയിലെയും പശ്ചാത്തല സൗകര്യങ്ങളിലെയും പരിമിതികളാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ 2020 നവംബര്‍ മുതല്‍ വീണ്ടെടുപ്പ് പ്രകടമായിട്ടുണ്ട്. 2021 മാര്‍ച്ചില്‍ ഇതുവതെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ചരക്ക് നീക്കമാണ് കടല്‍മാര്‍ഗത്തില്‍ രേഖപ്പെടുത്തിയതെന്നും ഐസിആര്‍എ പറയുന്നു. ഉയര്‍ന്ന ഇന്ധനവില ഉണ്ടായിരുന്നിട്ടും, ചെലവുകളുടെ യുക്തിസഹമായ നിയന്ത്രണം കാരണം ലോജിസ്റ്റിക് കമ്പനികള്‍ക്ക് ലാഭം ഇടിയുന്നതിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താനായി.
വ്യവസായങ്ങളിലുടനീളം പ്രകടമാകുന്ന വീണ്ടെടുക്കല്‍, ചരക്ക് ലഭ്യത മെച്ചപ്പെടല്‍ എന്നിവയിലൂടെ ഈ മേഖല ശക്തമായ മുന്നേറ്റം തുടര്‍ന്നു. ഉത്സവ സീസണിലും അതുപോലെ തന്നെ നാലാം പാദത്തിലും ഡിമാന്‍ഡ് വീണ്ടെടുക്കല്‍ തുടര്‍ുന്നതോടെ, ലോജിസ്റ്റിക്സ് മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ആദ്യം പ്രതീക്ഷിച്ച 4 ശതമാനം സങ്കോചത്തില്‍ നിന്ന് വ്യത്യസതമായി 4 ശതമാനം വരുമാന വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായെന്ന് ഐസിആര്‍എ റേറ്റിംഗ് വൈസ് പ്രസിഡന്‍റും സഹ മേധാവിയുമായ ശ്രീകുമാര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
‘കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് മടങ്ങിയെത്തിയിട്ടും, ഇന്ധനച്ചെലവ് വര്‍ദ്ധിച്ചതോടെ ചരക്ക് നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. ഇ-വേ ബില്ലിലെയും ചരക്കുകളുടെ അളവിലെയും വര്‍ധന ഈ മേഖല സ്ഥിരത പ്രകടമാക്കുന്നു എന്നതിന്‍റെ സൂചനയാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.