വിവോയിലെ കാമറ ഇനി പറക്കും
1 min readസ്മാര്‍ട്ട്‌ഫോണില്‍നിന്ന് വേര്‍പ്പെടുത്താനും വായുവില്‍ പറന്നുനടന്ന് ഫോട്ടോകള്‍ എടുക്കാനും കഴിയുന്നതായിരിക്കും കാമറ
ന്യൂഡെല്‍ഹി: പറക്കും കാമറ നല്‍കിയ സ്മാര്‍ട്ട്‌ഫോണിനായി വിവോ പാറ്റന്റ് അപേക്ഷ സമര്‍പ്പിച്ചു. സ്മാര്‍ട്ട്‌ഫോണില്‍നിന്ന് വേര്‍പ്പെടുത്താനും വായുവില്‍ പറന്നുനടന്ന് ഫോട്ടോകള്‍ എടുക്കാനും കഴിയുന്നതായിരിക്കും കാമറ. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ 2020 ഡിസംബറിലാണ് പാറ്റന്റ് അപേക്ഷ സമര്‍പ്പിച്ചത്. ബാറ്ററികള്‍, കാമറ സെന്‍സറുകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും കാമറ മൊഡ്യൂള്‍.
സ്മാര്‍ട്ട്‌ഫോണിന്റെ മുകള്‍ ഭാഗത്തെ ചെറിയ കംപാര്‍ട്ട്‌മെന്റിലാണ് കാമറ സ്ഥാപിക്കുന്നത്. ഇവിടെ അകത്തേക്കും പുറത്തേക്കും സ്ലൈഡ് ചെയ്യാന്‍ കഴിയുന്നതായിരിക്കും കാമറ. വായുവില്‍ പറന്നുനടക്കുന്നതിന് നാല് പ്രൊപ്പല്ലറുകള്‍ നല്‍കും. പറക്കുന്ന ആവശ്യങ്ങള്‍ക്ക് മാത്രമായി പ്രത്യേക ബാറ്ററി കംപാര്‍ട്ട്‌മെന്റ് സൃഷ്ടിച്ചു. മുന്നിലെ ഏരിയല്‍ വ്യൂ എടുക്കുന്നതിന് ഒരു സെന്‍സറും താഴെയുള്ള ഫൂട്ടേജ് ചിത്രീകരിക്കുന്നതിന് മറ്റൊരു സെന്‍സറും ഉള്‍പ്പെടെ ഇരട്ട കാമറ സംവിധാനമാണ് നല്‍കിയത്.
മറ്റ് വസ്തുക്കളിലേക്കുള്ള ദൂരം കണക്കുകൂട്ടുന്നതിനും കൂട്ടിയിടി ഒഴിവാക്കുന്നതിനുമായി ഒന്നിലധികം ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ നല്‍കിയതാണ് കാമറ മൊഡ്യൂള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പറക്കും കാമറ നിയന്ത്രിക്കാന്‍ കഴിയും. എയര്‍ ജെസ്ചര്‍ സപ്പോര്‍ട്ട് കൂടി ഉപയോക്താക്കള്‍ക്ക് ലഭിച്ചേക്കും. ട്രിപ്പിള്‍ കാമറ, ക്വാഡ് കാമറ സംവിധാനങ്ങളിലും ഇത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിയേക്കും.
ഇപ്പോള്‍ പാറ്റന്റ് ഘട്ടത്തില്‍ മാത്രമാണ് ഈ ഹാന്‍ഡ്‌സെറ്റ്. ഭാവിയില്‍ ഇത്തരമൊരു ഡിവൈസ് വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ചയില്ല. ഇത്തരമൊരു ആശയത്തിന്റെ പ്രായോഗികത സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നു. ശക്തമായ കാറ്റ് വീശുമ്പോള്‍ ഭാരം കുറഞ്ഞതും ചെറുതുമായ പറക്കും കാമറ എങ്ങനെ വായുവില്‍ പിടിച്ചുനില്‍ക്കുമെന്നത് ഒരു പ്രധാന ആശങ്കയാണ്. കാമറകളുടെ ഉള്ളില്‍ ജിംബല്‍ സിസ്റ്റം നല്‍കി ചിത്രീകരണത്തിന് കോട്ടം തട്ടാതെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞേക്കും.