ബജാജിന് ഫ്രീറൈഡര്‍ പേരിന്റെ ട്രേഡ്മാര്‍ക്ക് അവകാശം
ബാറ്ററി കരുത്തേകുന്ന മോട്ടോര്‍സൈക്കിളിന് ഫ്രീറൈഡര്‍ എന്ന പേരിടുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഫ്രീറൈഡര്‍ എന്ന പേരിന് ബജാജ് ഓട്ടോ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് ട്രേഡ്മാര്‍ക്ക് അവകാശത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 21 ന് ഇതേ പേരിന് അംഗീകാരം ലഭിച്ചു.
രജിസ്റ്റര്‍ ചെയ്ത പുതിയ പേര് ഏത് ഉല്‍പ്പന്നത്തിന് നല്‍കുമെന്ന് ഇപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ബാറ്ററി കരുത്തേകുന്ന മോട്ടോര്‍സൈക്കിളിന് ഫ്രീറൈഡര്‍ എന്ന പേരിടുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബജാജ് ഫ്‌ളൂവര്‍, ബജാജ് ഫ്‌ളൂയിര്‍ എന്നീ പേരുകള്‍ ഇന്ത്യയില്‍ ഈ വര്‍ഷമാദ്യം രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് പേരുകളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് കിംവദന്തി.
ഇലക്ട്രിക് വാഹനങ്ങള്‍ എന്ന വിഭാഗത്തിന് കീഴില്‍ ടൂ വീലേഴ്‌സ്, മോട്ടോര്‍സൈക്കിള്‍സ്, സ്‌കൂട്ടേഴ്‌സ്, ത്രീ വീലേഴ്‌സ്, ഫോര്‍ വീലേഴ്‌സ് എന്നീ ടാഗുകള്‍ ചേര്‍ത്താണ് ഫ്രീറൈഡര്‍ എന്ന പേരിന്റെ പാറ്റന്റ് രേഖ കാണുന്നത്. പുതിയ മോഡല്‍ മിക്കവാറും ഇലക്ട്രിക് സ്‌കൂട്ടര്‍ അല്ലെങ്കില്‍ മോട്ടോര്‍സൈക്കിള്‍ ആകാനാണ് സാധ്യത.
നിലവില്‍ ബജാജ് ഓട്ടോയുടെ നിരയില്‍ ഒരു ഇലക്ട്രിക് വാഹനം മാത്രമാണുള്ളത്. ചേതക് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍. ഇന്ത്യന്‍ വിപണിയില്‍ നല്ല വിജയം കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് കഴിഞ്ഞു. എന്നാല്‍ പരിമിതമായ ഉല്‍പ്പാദന ശേഷി, ലഭ്യതക്കുറവ് എന്നിവ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തില്‍ കമ്പനിയും ഉപയോക്താക്കളും നേരിടുന്ന കടമ്പകളാണ്.
ഇലക്ട്രിക് മൊബിലിറ്റിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ പ്രോത്സാഹന പരിപാടികളുമായി രംഗത്ത് സജീവമാണ്. ഈയിടെ ഫെയിം 2 പദ്ധതിയില്‍ ഭേദഗതി വരുത്തിയതോടെ കൂടുതല്‍ സബ്‌സിഡി ലഭിക്കുകയും ഇതുവഴി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറയുകയും ചെയ്തിരുന്നു.