കുവൈറ്റ് സോവറീന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 33 ശതമാനം വളര്‍ച്ച
റേറ്റിംഗ്‌സ് ഏജന്‍സിയായ ഫിച്ചിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം അവസാനം വരെ 580 ബില്യണ്‍ ഡോളറിന്റെ വിദേശ ആസ്തികളാണ് ഫണ്ടിനുണ്ടായിരുന്നത്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സോവറീന്‍ ഫണ്ടായ ഫ്യൂച്ചര്‍ ജനറേഷന്‍സ് ഫണ്ട് മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 33 ശതമാനം വളര്‍ച്ച നേടിയതായി ധനമന്ത്രാലയം. കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ (കിയ) കീഴിലുള്ള ഫണ്ട് മറ്റ് അന്താരാഷ്ട്ര സോവറീന്‍ ഫണ്ടുകളെ കടത്തിവെട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെയുള്ള ജനറേഷന്‍സ് ഫണ്ടിന്റെ വളര്‍ച്ച ഇതേ കാലയളവിലുള്ള എണ്ണ വരുമാനത്തെയും ഫണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെയും മറികടന്നതായി കുവൈറ്റ് ധനമന്ത്രി ഖലീഫ ഹമദ് വ്യക്തമാക്കി.
റേറ്റിംഗ്‌സ് എജന്‍സിയായ ഫിച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം വരെ 580 ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് ഫണ്ടിനുണ്ടായിരുന്നത്. ആദായത്തില്‍ 16.5 ശതമാനം വളര്‍ച്ചയുമായി ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച വര്‍ഷമായിരുന്നു 2020 എന്ന് കുവൈറ്റിലെ പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി (പിഐഎഫ്എസ്എസ്) കഴിഞ്ഞിടെ പറഞ്ഞിരുന്നു. 133.7 ബില്യണ്‍ ഡോളറിന്റെ ആസ്തിമൂല്യമാണ് കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ ഫണ്ട് റിപ്പോര്‍ട്ട് ചെയ്തത്. 2019നേക്കാള്‍ 20.9 ശതമാനം അധികമാണിത്. നിക്ഷേപങ്ങളുടെ നാല് ശതമാനം ധനമാണെന്നും മുന്‍വര്‍ഷത്തേക്കാള്‍ 11.5 ശതമാനം കുറവാണിതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.