Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സുസുകി ഹയബൂസ ബുക്കിംഗ് പുനരാരംഭിച്ചു

ഒരു ലക്ഷം രൂപ നല്‍കി ഇപ്പോള്‍ പുതിയ ഹയബൂസ ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി: 2021 സുസുകി ഹയബൂസ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ പുനരാരംഭിച്ചു. മൂന്നാം തലമുറ മോഡലിന്റെ 101 യൂണിറ്റ് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിക്കായി വകയിരുത്തിയത്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയും ബൈക്കുകള്‍ വിറ്റുപോയിരുന്നു. ഇതോടെ ജനപ്രിയ സൂപ്പര്‍ബൈക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇപ്പോള്‍ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ് സുസുകി ഇന്ത്യ. ഒരു ലക്ഷം രൂപ നല്‍കി ഓണ്‍ലൈനിലും സുസുകി ഡീലര്‍ഷിപ്പുകളിലും ഇപ്പോള്‍ പുതിയ ഹയബൂസ ബുക്ക് ചെയ്യാം. 16.45 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. രണ്ടാം ബാച്ച് മോട്ടോര്‍സൈക്കിളുകള്‍ അടുത്ത മാസം ഡെലിവറി ചെയ്യും. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയതും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതുമായ സൂപ്പര്‍ബൈക്കാണ് ഹയബൂസ.

മുന്‍ഗാമി ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍ പുതിയ മോട്ടോര്‍സൈക്കിളിനായി പരിഷ്‌കരിച്ചിരുന്നു. ഇതോടെ കരുത്തും ടോര്‍ക്കും കുറഞ്ഞു. ഇപ്പോള്‍ 190 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 197 എച്ച്പി പുറപ്പെടുവിച്ചിരുന്നു. ടോര്‍ക്കും അല്‍പ്പം കുറഞ്ഞു. എന്‍ജിന്‍ പരിഷ്‌കരിച്ചപ്പോഴും ടോര്‍ക്ക് ഡെലിവറി മുമ്പത്തേക്കാള്‍ ശക്തമാണെന്ന് സുസുകി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ, എക്കാലത്തെയും ഏറ്റവും വേഗമേറിയ ഹയബൂസയാണ് ഇപ്പോള്‍ വരുന്നത്.

ട്വിന്‍ സ്പാര്‍ അലുമിനിയം ഫ്രെയിം തുടരുന്നു. മുന്‍ഗാമിയുടേതിന് സമാനമായ വീല്‍ബേസ് (1,480 എംഎം) ലഭിച്ചു. കര്‍ബ് വെയ്റ്റ് രണ്ട് കിലോഗ്രാം കുറഞ്ഞു. ഇപ്പോള്‍ 264 കിലോഗ്രാം. ആന്തരികമായ മാറ്റങ്ങളോടെ ഷോവ ഫോര്‍ക്കുകളാണ് പുതിയ ബൂസ ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് വിഭാഗത്തിലാണ് ഏറ്റവും വലുതും അത്യാവശ്യവുമായിരുന്ന പരിഷ്‌കാരം നടന്നത്. ബ്രെംബോയുടെ സ്റ്റൈല്‍മാ കാലിപറുകളാണ് ഇപ്പോള്‍ മുന്നില്‍ ഉപയോഗിക്കുന്നത്. ബ്രിഡ്ജ്സ്റ്റോണ്‍ ബാറ്റ്ലക്സ് എസ്22 ടയറുകള്‍ തെരഞ്ഞെടുത്തു.

ബൂസയുടെ ഇലക്ട്രോണിക്സ് വളരെ കാര്യമായി പരിഷ്‌കരിച്ചു. 2021 മോഡലിന് പുതിയ 6 ആക്സിസ് ഐഎംയു, 10 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 10 ലെവല്‍ ആന്റി വീലി കണ്‍ട്രോള്‍, 3 ലെവല്‍ എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, മൂന്ന് പവര്‍ മോഡുകള്‍, ലോഞ്ച് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, ഹിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ ലഭിച്ചു. എല്‍ഇഡി ഹെഡ്ലൈറ്റ് ലഭിച്ചതാണ് മറ്റൊരു പുതിയ സവിശേഷത. വലിയ ഡാഷ്ബോര്‍ഡ് അനലോഗായി തുടരുന്നു. എന്നാല്‍ വിവിധ മെനു തെരഞ്ഞെടുക്കുന്നതിന് മധ്യത്തിലായി പുതിയ ടിഎഫ്ടി ഡിസ്പ്ലേ നല്‍കി.

Maintained By : Studio3