ഐഎസ് ഇപ്പോഴും ഭീഷണിയായി തുടരുന്നുവെന്ന് ആഗോളസഖ്യം
റോം: ഇറാഖിലെയും സിറിയയിലെയും എട്ട് ദശലക്ഷം ആളുകളെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഇപ്പോഴും ഭീഷണിയായി തുടരുകയാണെന്ന് ഐഎസിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യം വിലയിരുത്തുന്നു. ‘ഇറാഖിലും സിറിയയിലും ഐഎസിനെതിരായി മികച്ച നീക്കങ്ങള്‍ നടത്താനായി.എട്ട് മില്യണ്‍ ജനങ്ങളെ സംഘടനയുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചു. എന്നാല്‍ ഇന്നും ഭീഷണി നിലനില്‍ക്കുന്നു’, റോമില്‍ നടന്ന സഖ്യമന്ത്രിമാരുടെയോഗത്തിനുശേഷം പ്രസ്താവന ഇറക്കി. “ഐഎസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭക്കുന്നതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സഖ്യം സജീവമല്ലാത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളില്‍ സുരക്ഷാ സേനയെയും സാധാരണക്കാരെയും ലക്ഷ്യമിടുന്നതിനായി സംഘടനയുടെ ശൃംഖലകളും കഴിവുകളും പുനര്‍നിര്‍മ്മിക്കാനുള്ള അവരുടെ നീക്കത്തിനെതിരെ ഏകോപിത നടപടികള്‍ ആവശ്യമാണ്’, പ്രസ്താവന പറയുന്നു.രണ്ടുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് സഖ്യകക്ഷികള്‍ മുഖാമുഖം വരുന്നത്.
ഐഎസും അനുബന്ധ ഗ്രൂപ്പുകളും തീവ്രവാദികളെ റിക്രൂട്ടുചെയ്യുന്നതിനെതിരെ നടപടികള്‍ ആവശ്യമാണ്. സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മോചിപ്പിക്കപ്പെട്ട പ്രദേശങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുമുണ്ടെന്ന വസ്തുതയും സഖ്യം അംഗീകരിച്ചു.
“ഐഎസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നടപടികളിലും ഈ ആഗോള ഭീഷണി ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിലും മന്ത്രിമാര്‍ ഉറച്ചുനില്‍ക്കുന്നു.ഐസിസ് കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കുക,” സംയുക്ത പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും യോഗത്തില്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു.
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇറ്റാലിയന്‍ മന്ത്രി പറഞ്ഞു, ഐഎസ് അതിന്‍റെ പ്രാദേശിക തലത്തില്‍ പരാജയപ്പെട്ടുവെങ്കിലും അത് പിഴുതെറിയപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഇറാഖിനും കുവൈറ്റിനുമിടയില്‍ 800 ലധികം യൂണിറ്റുകളുള്ള ഇറ്റലി പ്രാദേശിക സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത്. അതിനാല്‍ ഈ ഭീഷണിയെ നേരിടാന്‍ രാജ്യത്തെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിലും സിറിയയിലും ഐഎസിനെ പ്രാദേശികമായി പരാജയപ്പെടുത്തുന്നതില്‍ തങ്ങളുടെ പങ്കാളികളുടെ സംയുക്ത ശ്രമങ്ങള്‍ നിര്‍ണായക ഘടകമാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍ ഇനിയും കൂടുതല്‍ ജോലികള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ജൂണോടെ ആഗോള സഖ്യത്തിന്‍റെ അടുത്ത മന്ത്രിസഭാ യോഗം ചേരാനും 2021 അവസാനത്തോടെ ബ്രസ്സല്‍സില്‍ ഒരു ചെറിയ ഗ്രൂപ്പ് പൊളിറ്റിക്കല്‍ ഡയറക്ടര്‍മാരുടെ യോഗം നടത്താനുമുള്ള ഉദ്ദേശ്യവും യോഗത്തില്‍ തീരുമാനിക്കപ്പെട്ടു.