ഉത്തേജന പാക്കേജ് : 1.1 ലക്ഷം കോടിയുടെ വായ്പാ സഹായം; 25 ലക്ഷം പേര്‍ക്ക് നേട്ടം
1 min read- ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി
- കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്‍റി
- 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി
ന്യൂഡെല്‍ഹി: കോവിഡ് ആഘാതത്തില്‍ നിന്ന് രാജ്യത്തിന് മുക്തി നേടാന്‍ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതികള്‍. കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരന്‍റി പ്രഖ്യാപിച്ചതാണ് ഏറ്റവും ശ്രദ്ധേയമായത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി രൂപയും മറ്റ് മേഖലകള്‍ക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്. ക്രഡിറ്റ് ഗ്യാരന്‍റി സ്കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൂടെയാകും ഇവര്‍ക്ക് വായ്പ ലഭ്യമാക്കുക. പരമാവധി 1.25 ലക്ഷം രൂപ വരെയാകും വായ്പയായി ലഭിക്കുക. എല്ലാ തരത്തിലുള്ള ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാകും. 89 ദിവസം വരെ വായ്പാ തിരിച്ചടവ് വരുത്തിയവര്‍ക്കും വായ്പ ലഭിക്കും.
2022 മാര്‍ച്ച് 31 വരെയോ 7500 കോടി രൂപയുടെ വായ്പ ഗ്യാരന്‍റി വരെയോ ആകും സ്കീമിന്‍റെ കവര്‍.
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്‍റി സ്കീം പദ്ധതിക്ക് അധികമായി 1.5 ലക്ഷം കോടി രൂപ അനുവദിച്ചു. ഈ പദ്ധതികളുടെ ആദ്യ മൂന്ന് പതിപ്പുകളിലൂടെ റിലീസ് ചെയ്തത് 2.69 ലക്ഷം കോടി രൂപയാണ്. 1.1 കോടി യൂണിറ്റുകളിലൂടെയായിരുന്നു വായ്പ നല്‍കിയത്. ഇതില്‍ പൊതുമേഖല ബാങ്കുകളും സ്വകാര്യ മേഖല ബാങ്കുകളും എന്‍ബിഎഫ്സികളും പെടും.
ടൂറിസത്തിന്‍റെ പുനരുജ്ജീവനത്തിനുള്ള പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. 11,000ത്തിലധികം റെജിസ്റ്റേര്‍ഡ് ടൂറിസ്റ്റ് ഗൈഡുകള്‍ക്കും മറ്റും സാമ്പത്തിക പിന്തുണ നല്‍കും. വിസ നല്‍കല്‍ വീണ്ടും തുടങ്ങിയാല്‍ ആദ്യ അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകള്‍ക്ക് പേമെന്‍റ് ഈടാക്കില്ല. 2022 മാര്‍ച്ച് 31 വരെ ഈ ഓഫര്‍ ഉണ്ടാകും. ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും ഉത്തേജന പാക്കേജില്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റേണ്‍ റീജണല്‍ കര്‍ഷക മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍റെ പുനരുജ്ജീവനത്തിന് 77.45 കോടിയുടെ പാക്കേജും ലഭ്യമാക്കും. കര്‍ഷകര്‍ക്ക് പ്രോട്ടീന്‍ അധിഷ്ഠിത വളം സബ്സിഡിയായി 15,000 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കുന്നതിന് 19,041 കോടി രൂപയുടെ പാക്കേജാണ് നല്‍കുക.
ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന പദ്ധതി 2022 മാര്‍ച്ച് 31 വരെ നീട്ടി. ഈ വര്‍ഷം ജൂണ്‍ 30ന് അവസാനിക്കേണ്ട പദ്ധതിയായിരുന്നു ഇത്. 21 ലക്ഷത്തിലധികം പേര്‍ക്ക് ഇതിനോടകം പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്.