മാറ്റത്തിന്‍റെ പതാകവാഹകരാകും ടാറ്റയെന്ന് ചന്ദ്ര
1 min read- 2025 ആകുമ്പോഴേക്കും 10 ഇലക്ട്രിക് വെഹിക്കിള്‍ മോഡലുകള്‍ പുറത്തിറക്കും
- ഗ്രീന്‍ മൊബിലിറ്റി മുന്നേറ്റത്തെ ടാറ്റ നയിക്കുമെന്നും ചന്ദ്ര
- ഹോട്ടല്‍ ബിസിനസിലും കമ്പനിക്ക് വന്‍ പദ്ധതികള്‍
മുംബൈ: ഓട്ടോമൊബീല്‍ വ്യവസായത്തിന്‍റെ ഭാവി ഇലക്ട്രിഫിക്കേഷനില്‍ തന്നെയെന്ന് അരക്കിട്ടുറപ്പിച്ച് ടാറ്റ ഗ്രൂപ്പ്. 2025 ആകുമ്പോഴേക്കും പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ടാറ്റ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ വൈദ്യുതവല്‍ക്കരണ പാത കൃത്യമായി സെറ്റ് ചെയ്ത ശേഷമാണ് ചന്ദ്രയെന്നറിയപ്പെടുന്ന ചന്ദ്രശേഖരന്‍റെ പുതിയ നീക്കം.
ഇന്ത്യന്‍ വിപണിയില്‍ മാറ്റത്തെ നയിക്കുന്നത് ടാറ്റ മോട്ടോഴ്സ് ആയിരിക്കും. ഓട്ടോമോട്ടിവ് ലോകത്ത് ഗ്രീന്‍ മൊബിലിറ്റിയുടെ പതാകവാഹകരായി ടാറ്റ മാറും-എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംബന്ധമായ അടിസ്ഥാനസൗകര്യവികസനത്തിലും ടാറ്റ വലിയ പങ്കുവഹിക്കാന്‍ ഉദ്ദേശിക്കുന്നതായി ചന്ദ്ര വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍. ടാറ്റ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി 10,000 മുറികള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 100 പ്രോപ്പര്‍ട്ടികളിലൂടെയായിരിക്കും ഇത് സാധ്യമാക്കുക. ഗ്രൂപ്പിന്‍റെ ജിഞ്ചര്‍ ഹോട്ടല്‍സ് ബ്രാന്‍ഡിന് കീഴിലുള്ളതാകും പ്രോപ്പര്‍ട്ടികള്‍.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ജിഞ്ചര്‍ പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോഴുള്ളത് 50 നഗരങ്ങളിലായി 78 ഹോട്ടലുകളാണ്. എന്‍ട്രി ലെവല്‍ ഹോട്ടല്‍ സെഗ്മന്‍റ് ഗ്രൂപ്പിന് നഷ്ടകച്ചവടമാണെങ്കിലും മികച്ച ഒക്യുപ്പന്‍സി റേറ്റ് ഉണ്ടെന്നതാണ് കൂടുതല്‍ വികസന പദ്ധതികള്‍ക്ക് ടാറ്റയെ പ്രേരിപ്പിക്കുന്നത്.