കോണ്‍ഗ്രസിലെ കലഹം: പഞ്ചാബിലെ നേതാക്കള്‍ രാഹുലിനെ സന്ദര്‍ശിച്ചു
ന്യൂഡെല്‍ഹി: പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചുവരുന്ന കലഹത്തിനിടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കര്‍, ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍, രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്വ എന്നിവര്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. നിലവിലെ സാഹചര്യം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എമാരുടെ ബന്ധുക്കള്‍ക്ക് ജോലി സംബന്ധിച്ച തീരുമാനത്തില്‍ ചില തെറ്റായ ആളുകള്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണെന്നും കൂടിക്കാഴ്ചയില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.
നവജോത് സിംഗ് സിദ്ധുവിന്‍റെ വിഷയം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തുന്ന മറ്റൊരു നേതാവായ പ്രതാപ് സിംഗ് ബജ്വയും രാഹുല്‍ ഗാന്ധിയെ കണ്ടു, സംസ്ഥാനത്തെ അടിസ്ഥാന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന യൂണിറ്റിലെ സംഘര്‍ഷം പരിഹരിക്കാനുന്നതിനായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പര്‍ഗത് സിംഗ് ഉള്‍പ്പെടെ നിരവധി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ചില എംഎല്‍എമാര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
“ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടും.” മുഖ്യമന്ത്രിയെ വിമര്‍ശിച്ച എംഎല്‍എമാരില്‍ ഒരാളായ പര്‍ഗത് സിംഗ് പറഞ്ഞു. അതേസമയം, പാര്‍ട്ടി പാനലുമായി നടന്ന കൂടിക്കാഴ്ചയില്‍ അമരീന്ദര്‍ സിംഗ് അതൃപ്തി പ്രകടിപ്പിക്കുകയും ഏതാനും വ്യക്തികള്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം എല്ലാവരും ഒരുമിച്ച് വോട്ടെടുപ്പിനെ നേരിടുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സംസ്ഥാന പാര്‍ട്ടി യൂണിറ്റിലെ വിഭാഗീയത പരിഹരിക്കുന്നതിന് അദ്ദേഹം ശ്രമിച്ചുവരികയാണ്.