സ്‌പെയ്‌സ് തീമില്‍ ടീഷര്‍ട്ടുകളും മഗ്ഗുകളും പുറത്തിറക്കുന്നത് ഐഎസ്ആര്‍ഒ പരിഗണിക്കുന്നു
1 min readന്യൂഡെല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചെയ്തതു പോലെ, കസ്റ്റമൈസ്ഡ് ടി-ഷര്‍ട്ടുകള്‍, പോസ്റ്ററുകള്‍, കോഫി മഗ്ഗുകള്‍, കീ ചെയിനുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പുറത്തിറക്കുന്നത് ഐഎസ്ആര്‍ഒ പരിഗണിക്കുന്നു. ബഹിരാകാശ മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ സ്‌പെയ്‌സ് തീമിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം മനസിലാക്കിയാണ് നടപടി.
1969-ല്‍ സ്ഥാപിതമായ കാലം മുതല്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി നടപ്പാക്കിയ നിരവധി ദൗത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ ഒരുക്കുക. ഈ ശേഖരണങ്ങളിലൂടെ ഐഎസ്ആര്‍ഒ-യെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബഹിരാകാശ സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യം വളര്‍ത്താനും ലക്ഷ്യമിടുന്നു.
സ്‌പെയ്‌സ് തീം അധിഷ്ഠിതമായ ചരക്കുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യവസായത്തിന് അവസരമൊരുക്കുമെന്ന് ജനുവരി 15-ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചിരുന്നു. ഇമേജുകള്‍, തീമുകള്‍ മുതലായവ രജിസ്‌ട്രേഷന്‍ ഫീസിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്ക് നല്‍കും. എന്നാല്‍ ഐഎസ്ആര്‍ഒ-യുടെ ഉല്‍പ്പന്നങ്ങളും തീമും ചവിട്ടികള്‍, ചെരുപ്പുകള്‍, പരവതാനികള്‍ തുടങ്ങിയവയില്‍ പതിക്കുന്നതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.