സൂപ്പര്‍സൈക്കിളിന് സാധ്യത : ഇന്ധന ഖനനം കുറഞ്ഞാല്‍ ആഗോള എണ്ണവില കുതിച്ചുയര്‍ന്നേക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി
-
സൂപ്പര്‍സൈക്കിള്‍ തടയുകയാണ് തങ്ങളുടെ ജോലിയെന്ന് മന്ത്രി
-
ഡിമാന്‍ഡും വിതരണവും തമ്മിലുള്ള അന്തരം മൂലം എണ്ണവില തുടര്‍ച്ചയായി ഉയരുന്ന അവസ്ഥയാണ് ഓയില്‍ സൂപ്പര്‍സൈക്കിള്‍
റിയാദ്: ഇന്ധന ഖനന മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാകാത്തത് ആഗോള എണ്ണവിലയില്‍ സൂപ്പര്‍സൈക്കിളിന് കാരണമായേക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍. റോബിന്‍ ഹുഡ് നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സൗദി മന്ത്രി. അത്തരം സൈക്കിളുകളെ തടയുകയാണ് തങ്ങളുടെ ജോലിയെന്ന് മന്ത്രി പറഞ്ഞതായി സ്വകാര്യമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത ആളുകളെ ഉദ്ധരിച്ച് ബ്ലൂംബര്ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഡിമാന്‍ഡും വിതരണവും തമ്മിലുള്ള അന്തരം മൂലം എണ്ണവില തുടര്‍ച്ചയായി ഉയരുന്ന അവസ്ഥയെയാണ് ഓയില്‍ സൂപ്പര്‍സൈക്കിള്‍ എന്ന് വിളിക്കുന്നത്.
സൗദി രാജകുടുംബത്തിലുള്ള ഒരംഗം വാള്‍ സ്ട്രീറ്റ് പരിപാടിയില്‍ നേരിട്ട് പങ്കെടുക്കുന്നതും ഹെഡ്ജ് ഫണ്ടംഗങ്ങളുമായി സംസാരിക്കുന്നതും അപൂര്‍വ്വമാണ്. മുന്‍ ഇന്ധന മന്ത്രിമാര്‍ സ്വാധീനമുള്ള വിപണികളിലുള്ളവരുമായി അടച്ചിട്ട മുറികളിലാണ് ചര്‍ച്ചകള്‍ നടത്തിയിരുന്നത്. സൂപ്പര്‍സൈക്കിള്‍ സംഭവിക്കാതെ തടയുകയെന്നത് തന്റെയും മറ്റുള്ളവരുടെയും ജോലിയാണെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഖനന രംഗത്തെ നിക്ഷേപത്തിന്റെ കുറവ് മൂലം സൂപ്പര്‍സൈക്കിളിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.
പലതവണയായുള്ള എണ്ണവിലത്തകര്‍ച്ചയ്ക്ക് ശേഷം ചില ദേശീയ എണ്ണ ഉല്‍പ്പാദകരും അന്താരാഷ്ട്ര ഖനന കമ്പനികളും പണച്ചിലവ് കുറയ്ക്കുന്നതിനും വിപണിയിലെ അമിത വിതരണമെന്ന പ്രശ്‌നം ഒഴിവാക്കുന്നതിനുമായി ഖനന ചിലവിടല്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ അത്തരം വെട്ടിക്കുറയ്ക്കലുകള്‍ കുറച്ചധികമായി പോയെന്ന് കരുതുന്ന വ്യക്തികളില്‍ ഒരാളാണ് പ്രിന്‍സ് അബ്ദുള്‍അസീസ്. എണ്ണയ്ക്ക് ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇന്ധന ക്ഷാമത്തിന് അത് വഴിവെക്കുമോ എന്ന ഭയമാണ് അതിന് കാരണം.
അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഫ്യൂച്ചേഴ്‌സിന് ഈ വര്‍ഷം ഇതുവരെ 43 ശതമാനം വില വര്‍ധിച്ചിട്ടുണ്ട്. അര ദശാബ്ദത്തിനിടെയുള്ള ഏറ്റവും ശക്തമായ വാര്‍ഷിക പ്രകടനമാണിത്. പകര്‍ച്ചവ്യാധിയുടെ ഭാഗമായുള്ള ലോക്ക്ഡൗണുകള്‍ അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥകള്‍ പ്രവര്‍്ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും പ്രധാന ഇന്ധനക്കയറ്റുമതിക്കാര്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കാത്തതുമാണ് എണ്ണയ്ക്ക് ഡിമാന്‍ഡ് കൂടാനും വില ഉയരാനുമുള്ള പ്രധാന കാരണം. ബ്രെന്റ് ഫ്യൂച്ചേഴ്‌സിന് ബുധനാഴ്ച വില ഒരു ശതമാനം വര്‍ധിച്ച് ബാരലിന് 75 ഡോളറില്‍ എത്തിയിരുന്നു. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.