തമിഴ്നാട് : മദ്യശാലകള്‍ തുറന്നതിനുശേഷം റോഡപകടങ്ങളില്‍ വന്‍ വര്‍ദ്ധന
ചെന്നൈ: സംസ്ഥാനത്ത് ടാസ്മാക് മദ്യവില്‍പ്പന ശാലകള്‍ തുറന്നതിന് ശേഷം തമിഴ്നാട്ടില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് മുതിര്‍ന്ന ഡോക്ടമാര്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനുശേഷമാണ് മദ്യശാലകള്‍ തുറന്നത്. ചെന്നൈയിലെ സ്റ്റാന്‍ലി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കായി ധാരാളം കേസുകള്‍ കൊണ്ടുവരുന്നുണ്ട്. ഇതില്‍ 90 ശതമാനവും റോഡപകടങ്ങളാണ്. ആശുപത്രിയിലെ മുതിര്‍ന്ന ഓര്‍ത്തോപെഡിക് സര്‍ജന്‍ പറഞ്ഞു, ‘അപകടത്തില്‍പെടുന്നവരില്‍ ഭൂരിഭാഗവും മദ്യപിച്ച് വാഹനമോടിച്ചവരാണ്. സംസ്ഥാനത്ത് മദ്യഷോപ്പുകള്‍ തുറന്നതിനുശേഷം അപകടങ്ങളില്‍ 60 ശതമാനത്തിലധികം കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായതായി ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു.
മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പാര്‍ലമെന്‍റ് അംഗവും പിഎംകെ നേതാവുമായ ഡോ. അന്‍ബുമോണി രാംദോസ് കഴിഞ്ഞദിവസം സ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടാസ്മാക് മദ്യവില്‍പ്പന ശാലകള്‍ തുറന്ന ദിവസം സംസ്ഥാനത്തുടനീളം മദ്യപിച്ച് കലഹിച്ച് അഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ച അപകടങ്ങളും തെരുവ് പോരാട്ടങ്ങളും കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇത് കടകള്‍ അടയ്ക്കാനുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു.
എന്നിരുന്നാലും, അടച്ചുപൂട്ടല്‍ പോലുള്ള നടപടികള്‍ തമിഴ്നാട് സര്‍ക്കാര്‍ അവലംബിക്കാന്‍ സാധ്യതയില്ല. അനധികൃത മദ്യനിര്‍മ്മാണവും സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി മദ്യം കടത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ടാസ്മാക് മദ്യവില്‍പ്പന ശാലകള്‍ തുറന്നതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു.