കുന്നുകൂടുന്ന ഇ-മാലിന്യം ദശലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു
1 min readവര്‍ധിച്ചുവരുന്ന ഇ- മാലിന്യ ഭീഷണിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി കാര്യക്ഷമമായ നടപടി വേണമെന്ന് കുട്ടികളും ഇ- മാലിന്യക്കുഴിയുമെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന
ഉപേക്ഷിച്ച ഇലക്ട്രിക്കല്‍ അഥവാ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കൃത്യമല്ലാത്ത സംസ്‌കരണം മൂലം ഗുരുതരമായ ആരോഗ്യഭീഷണികള്‍ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ലോകാരോഗ്യ സംഘടന. കുട്ടികളും ഡിജിറ്റല്‍ മാലിന്യക്കുഴികളുമെന്ന റിപ്പോര്‍ട്ടിലാണ് ഇ- മാലിന്യമെന്ന വിപത്തില്‍ നിന്നും കുട്ടികളടക്കമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനവും ഉപേക്ഷിക്കലും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ലോകം ‘ഇ മാലിന്യ സുനാമി’യെന്ന വിപത്തിനെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണെന്നും ജനജീവിതവും ആരോഗ്യവും അതുമൂലം വലിയ ഭീഷണികള്‍ നേരിടുകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. കടലുകളെയും ആവാസ വ്യവസ്ഥകളെയും പ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ ലോകം ഒന്നിച്ചുപോലെ വര്‍ധിച്ചുവരുന്ന ഇ മാലിന്യ ഭീഷണിയില്‍ നിന്നും നമ്മുടെ ഏറ്റവും മൂല്യമേറിയ വിഭവമായ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനായി ലോകം ഒന്നിക്കണമെന്നും ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു.
കുറഞ്ഞത് 12.9 ദശലക്ഷം സ്ത്രീകളെങ്കിലും അനൗപചാരിക മാലിന്യ സംസ്‌കരണ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഇ വേസ്റ്റുകളും അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടതായി വരുന്നു. അത് അവരുടെ പിറക്കാനിരിക്കുന്ന കുട്ടികളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. അതേസമയം അഞ്ചുവയസ് മുതല്‍ പ്രായമുള്ളവരും കൗമാരപ്രായക്കാരും ഉള്‍പ്പടെ 18 ദശലക്ഷത്തോളം കുട്ടികളും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന അനൗപചാരിക വ്യവസായ മേഖലയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. മാതാപിതാക്കള്‍ക്കൊപ്പമോ ആയമാര്‍ക്കൊപ്പമോ ഇ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കുട്ടികളും കൂടാറുണ്ട്. ഇ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കടുത്ത് താമസിക്കുകയോ അതിനടുത്ത് കൂടി സ്‌കൂളില്‍ പോകുകയോ കളിക്കുകയോ ചെയ്യുന്ന കുട്ടികളുണ്ട്. ലെഡ്, മെര്‍ക്കുറി അടക്കം അതീവ മാരകമായ രാസവസ്തുക്കള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഇവിങ്ങളില്‍ ഉണ്ടാകുന്നത്. കുട്ടികളുടെ ബുദ്ധിവാകസത്തെയടക്കം ഇവ ദോഷകരമായി ബാധിക്കുന്നു.
വലുപ്പക്കുറവ്, പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അവയവങ്ങള്‍, അതിവേഗത്തിലുള്ള വളര്‍ച്ചാനിരക്ക്, വികാസം എന്നീ ഘടകങ്ങള്‍ ഇ മാലിന്യം മൂലമുണ്ടാകുന്ന വിഷമയമായ രാസവസ്തുക്കള്‍ കുട്ടികളുടെ ആരോഗ്യത്തിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതിന് കാരണമാകുന്നു. മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ മാലിന്യ തന്മാത്രകളെ ആഗിരണം ചെയ്യുന്നത് കുട്ടികളുടെ ശരീരമാണ്. മാത്രമല്ല ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയും കുട്ടികളുടെ ശരീരത്തിന് കുറവാണ്.
ഇ മാലിന്യം മനുഷ്യാരോഗ്യത്തിന് വെല്ലുവിളി
ചെമ്പ്, സ്വര്‍ണ്ണം തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍ ലെഡ്, മെര്‍ക്കുറി, നിക്കല്‍, ബ്രോമിനേറ്റഡ് ഫ്‌ളെയിം റിറ്റാര്‍ഡന്റ്‌സ്, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍ (പിഎഎച്ച്എസ്) തുടങ്ങി ഏതാണ്ട് ആയിരത്തോളം ഹാനികരമായ വിഷവസ്തുക്കള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം വിഷകരമായ ഇ മാലിന്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ജനിക്കാനിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തെയും വികാസത്തെയും ആജീവനാന്തം ബാധിക്കുന്നു. ജനന സമയത്തെ തകരാറുകളും അനാരോഗ്യവും ജന്മനായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വളര്‍ച്ചാ തകരാറുകള്‍, ബുദ്ധിവികാസ തകരാറുകള്‍ എന്നിവ അവയില്‍ ചിലതാണ്. ഇവ കൂടാതെ, കുട്ടികളില്‍ ഇ മാലിന്യം മൂലം ശ്വാസകോശ തകരാറുകള്‍, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍, ഡിഎന്‍എ തകരാറുകള്‍, തൈറോയിഡിന്റെ പ്രവര്‍ത്തനത്തകരാറ്, മുതിര്‍ന്നതിന് ശേഷം അര്‍ബുദം, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗം തുടങ്ങി ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത എന്നിവയുണ്ടാകുന്നു.
‘ഇ – മാലിന്യ സുനാമി’
കൃത്യമല്ലാത്ത ഇ മാലിന്യ സംസ്‌കരണം വലിയ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇ മാലിന്യ റിപ്പോര്‍ട്ട് തയ്യാറാക്കിയ മേരീ നോയല്‍ ബ്രൂണെ ഡ്രിസ്സ് പറയുന്നു. പല രാജ്യങ്ങളും ഈ പ്രശ്‌നത്തെ വലിയ ഒരു ആരോഗ്യ വെല്ലുവിളിയായി തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും ഈ പ്രശ്‌നത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍, അതുമൂലം കുട്ടികളുടെ ആരോഗ്യത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും വരുംവര്‍ഷങ്ങളില്‍ ആരോഗ്യമേഖലയ്ക്ക് അത് വലിയ ആഘാതമേല്‍പ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ആഗോളതലത്തില്‍ ഇ മാലിന്യത്തിന്റെ തോത് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ആഗോള ഇ മാലിന്യ വിവര സംഘടനയുടെ (ജിഇഎസ്പി) കണക്കുകള്‍ പ്രകാരം 2019 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ ഇ മാലിന്യത്തിന്റെ അളവ് 21 ശതമാനം വര്‍ധിച്ച് 53.6 ദശലക്ഷം ടണ്ണായി മാറി. കഴിഞ്ഞ വര്‍ഷം ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട ഇ മാലിന്യത്തിന്റെ അളവ് 350 ക്രൂയിസ് കപ്പലുകള്‍ 125 കിലോമീറ്റര്‍ നീളത്തില്‍ ഒന്നിന് പിറകേ ഒന്നായി നിര്‍ത്തിയാല്‍ അത്രയും വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കംപ്യൂട്ടറുകളുടെയും മൊബീല്‍ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം തുടരുന്നിടത്തോളം കാലം ഇ മാലിന്യ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കും.
2019ല്‍ നിര്‍മിക്കപ്പെട്ട ഇ മാലിന്യത്തിന്റെ 17.4 ശതമാനം മാത്രമാണ് ഔപചാരികമായ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിയത്. ബാക്കിയെല്ലാം അനധികൃതമായി ഉപേക്ഷിക്കപ്പെട്ടു. വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള അനൗപചാരിക ഇ മാലിന്യ സംസ്‌കരണം കൂടുതലായി നടക്കുന്നത്. ഇ മാലിന്യത്തിന്റെ കൃത്യമായ ശേഖരണവും സംസ്‌കരണവും പരിസ്ഥിതിയെ സംരക്ഷണം ഉറപ്പാക്കാനും കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനും സഹായകമാകും. 2019ല്‍ 17.4 ശതമാനം ഇ മാലിന്യം കൃത്യമായി സംസ്‌കരിച്ചതിലൂടെ 15 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് തുല്യമായ വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞതായി ജിഇഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്യക്ഷമമായ നടപടി വേണം
പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തില്‍ ഭരണകൂടങ്ങളും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഇ മാലിന്യങ്ങളുടെ കൃത്യമായ സംസ്‌കരണം ഉറപ്പാക്കണമെന്നാണ് കുട്ടികളും ഡിജിറ്റല്‍ മാലിന്യക്കുഴികളുമെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. മാലിന്യ സംസ്‌കരണ മേഖലകളിലെ തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം ഉറപ്പാക്കാനുള്ള നടപടികള്‍ എടുക്കുകയും ഇ മാലിന്യങ്ങള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും വേണം. സാധനങ്ങള്‍ പുനരുപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും കൂടുതല്‍ കാലം ഈട് നില്‍ക്കുന്ന ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുകയും വേണം. ഇ മാലിന്യങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനായി ആരോഗ്യമേഖല കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം, കുട്ടികളും സ്ത്രീകളും ആഗിരണം ചെയ്യുന്ന വിഷവസ്തുക്കളുടെ തോത് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ കൊണ്ടുവരണം. കൃത്യമായ ഇ മാലിന്യ സംസ്‌കരണത്തിന്റെ നേട്ടങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം.