അദാനി ഗ്രൂപ്പിന്‍റെ 3 കമ്പനികളുടെ 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു
അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ ഓഹരികളാണ് മരവിപ്പിച്ചിരിക്കുന്നത്
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിക്ക് വന്‍ തിരിച്ചടി. അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചതോടെയാണിത്. 43500 കോടി രൂപയുടെ ഓഹരികളാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.
മരവിപ്പിക്കല്‍ വാര്‍ത്ത പുറത്തുവന്നതോടെ അദാനിയുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് തുടങ്ങിയ ഓഹരികള്‍ക്ക് കാര്യമായ പരിക്ക് പറ്റി. അല്‍ബുല ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് തുടങ്ങിയവയുടെ ഓഹരികളാണ് മരവിപ്പിച്ചിരിക്കുന്നത്.
ഈ ഫണ്ടുകള്‍ക്ക് തങ്ങളുടെ പക്കലുള്ള ഓഹരികള്‍ വില്‍ക്കാനോ പുതിയത് വാങ്ങിക്കാനോ സാധ്യമല്ല. മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് ഫണ്ടുകളും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വസ്റ്റേഴ്സ് ആയാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് അദാനി എന്‍റര്‍പ്രൈസസില്‍ 6.82 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 8.03 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92 ശതമാനവും അദാനി ഗ്രീനില്‍ 3.58 ശതമാനവും ഓഹരിയുണ്ട്. ഈ മൂന്ന് ഫണ്ടിനും ഒരേ റെജിസ്റ്റേര്‍ഡ് അഡ്രസാണുള്ളത്. അതേസമയം ഇവര്‍ക്ക് വെബ്സൈറ്റുകള്‍ പോലുമില്ല.
ആകെ ആറ് ലിസ്റ്റഡ് കമ്പനികളാണ് അദാനി ഗ്രൂപ്പിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്രൂപ്പ് കമ്പനികള്‍ രേഖപ്പെടുത്തിയത് 200 ശതമാനം മുതല്‍ 1000 ശതമാനം വരെ നേട്ടമാണ്.