ഫോക്‌സ്‌വാഗണ്‍ ടി-റോക് വിറ്റുതീർന്നു – രണ്ടാം ബാച്ച് ഈ വർഷമെത്തും
1 min readഫോക്‌സ്‌വാഗണ്‍ ടി-റോക് ആദ്യ ബാച്ച് ഇന്ത്യയിലെത്തിയപ്പോൾ രണ്ടായിരത്തോളം ബുക്കിംഗ് ലഭിച്ചു. 950 യൂണിറ്റ് മാത്രമാണ് ഡെലിവറി ചെയ്യാൻ കഴിഞ്ഞത്
ന്യൂഡെൽഹി: ഫോക്‌സ്‌വാഗണ്‍ ടി-റോക് എസ്‌യുവി ഇന്ത്യയിൽ വിറ്റുതീർന്നു. ഈ വർഷം രണ്ടാം പാദത്തിലാണ് രണ്ടാം ബാച്ച് ടി- റോക് ഇന്ത്യയിൽ വരേണ്ടത്. ഈ ബാച്ചിലെ മുഴുവൻ യൂണിറ്റുകളും ഇന്ത്യയിൽ ഇതിനകം വിറ്റുപോയി.
ഫോക്‌സ്‌വാഗണ്‍ ടി-റോക് ആദ്യ ബാച്ച് ഇന്ത്യയിലെത്തിയപ്പോൾ രണ്ടായിരത്തോളം ബുക്കിംഗ് ലഭിച്ചതായി ഫോക്സ് വാഗൺ ഇന്ത്യ ബ്രാൻഡ് ഹെഡ് ആശിഷ് ഗുപ്ത പറഞ്ഞു. എന്നാൽ 950 യൂണിറ്റ് മാത്രമാണ് ഡെലിവറി ചെയ്യാൻ കഴിഞ്ഞത്. രണ്ടാം ബാച്ച് ഇന്ത്യയിലെത്തുമ്പോൾ കാർ കാത്തിരിക്കുന്നവർക്ക് ആദ്യം ഡെലിവറി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പൂർണമായി നിർമിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. 19.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഹോമോലോഗേഷൻ കൂടാതെ പ്രതിവർഷം 2,500 യൂണിറ്റ് വാഹനങ്ങൾ ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്ത് വിൽക്കാൻ വിദേശ വാഹന നിർമാതാക്കൾക്ക് കഴിയും.
1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ഫോക്‌സ്‌വാഗണ്‍ ടി റോക്കിന് കരുത്തേകുന്നത്. ഈ മോട്ടോർ 147 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനുമായി ചേർത്തത്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിമീ വേഗമാർജിക്കാൻ 8.4 സെക്കൻഡ് മതി. മണിക്കൂറിൽ 205 കിലോമീറ്ററാണ് ടോപ് സ്പീഡ്.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിൻ്റെ ഇന്ത്യ 2.0 പ്രോജക്റ്റിൻ്റെ ഭാഗമായി എസ്‌യുവികൾക്കാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ ഫോക്‌സ്‌വാഗണ്‍ ടൈഗുൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതേതുടർന്ന് തൊട്ടടുത്ത പാദത്തിൽ പൂർണമായും പുതിയ എസ്‌യുവി പുറത്തിറക്കും.