മുണ്ട് മുറുക്കാം : ചെലവിടല്‍ വന്‍തോതില്‍ കുറയ്ക്കാന്‍ കേന്ദ്രം
1 min read- വിവിധ മന്ത്രാലയങ്ങളോട് അനാവശ്യ ചെലവിടല്‍ ഒരു കാരണവശാലും പാടില്ലെന്ന് ധനകാര്യമന്ത്രാലയം
- എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയതോടെ മറ്റ് ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രം
- 18 മേഖലകളില്‍ ചെലവ് ചുരുക്കല്‍; യാത്രകള്‍ക്ക് കടിഞ്ഞാണ്‍
ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമാക്കിയതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ചെലവിടലില്‍ വ്യാപകമായ കുറവ് വരുത്താനാണ് മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ചെലവിടല്‍ കുറയ്ക്കാന്‍ ധനകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രിക്കാവുന്ന ചെലവിടലില്‍ വലിയ കുറവ് വരുത്തണമെന്നാണ് നിര്‍ദേശം. ഇതിനായി 18 മേഖലകളുടെ പട്ടികയും ധനകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ട്.
പരസ്യങ്ങള്‍, പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍, ഓഫീസ് എക്സ്പെന്‍സുകള്‍, ഓവര്‍ടൈം അലവന്‍സ് തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇനി വലിയ ചെലവിടല്‍ ഉണ്ടാകില്ല. കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് പിന്നാലെ സൗജന്യ റേഷന്‍ പദ്ധതിയുടെ കാലാവധി നീട്ടിയതും കേന്ദ്രത്തിന്‍റെ സാമ്പത്തിക ബാധ്യത കൂട്ടിയിരുന്നു.
എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് ചെലവ് വരിക 50,000 കോടിയിലധികം രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ 35,000 കോടി രൂപയാണ് വാക്സിനായി നീക്കിവച്ചിരുന്നത്. ഇതിന് പുറമെ ഭക്ഷ്യധാന്യങ്ങളുടെ സൗജന്യ വിതരണം നവംബര്‍ വരെ നീട്ടിയതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെയും അധികച്ചെലവ് വരും.
20 ശതാനമെങ്കിലും ചെലവ് കുറയ്ക്കണമെന്നാണ് മന്ത്രാലയങ്ങളോടും വകുപ്പുകളോടും കേന്ദ്രം പറഞ്ഞിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയിരിക്കുന്ന ധന കമ്മി ജിഡിപിയുടെ 6.8 ശതമാനമാണ്. പുതിയ സാഹചര്യത്തില്‍ ധനകമ്മി കൂടുമെന്ന വസ്തുതയുടെ പശ്ചാത്തലത്തിലാണ് പരമാവധി ചെലവ് കുറയ്ക്കലിന് കേന്ദ്രം ഒരുങ്ങുന്നത്.
ഓവര്‍ടൈം അലവന്‍സ്, റിവാര്‍ഡുകള്‍, ആഭ്യന്തര, വിദേശ ട്രാവല്‍ എക്സ്പെന്‍സ്, ഓഫീസ് എക്സ്പെന്‍സ്, വാടക, നികുതി, റോയല്‍റ്റി, പബ്ലിക്കേഷന്‍സ്, മറ്റ് അഡ്മിനിസ്ട്രേറ്റിവ് ചെലവുകള്‍, സപ്ലൈസ് ആന്‍ഡ് മെറ്റീരിയല്‍സ്, റേഷന്‍, ഇന്ധന ബില്ലുകള്‍, ക്ലോത്തിംഗ്, അഡ്വര്‍ടൈസിംഗ് ആന്‍ഡ് പബ്ലിസിറ്റി, മൈനര്‍ വര്‍ക്ക്സ് ആന്‍ഡ് മെയിന്‍റനന്‍സ്, സംഭാവനകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇനി അധികം ചെലവിടല്‍ വേണ്ട എന്ന നിര്‍ദേശമാണ് ധനമന്ത്രാലയം നല്‍കിയിരിക്കുന്നത്.
ഏകദേശം 800 ദശലക്ഷം പേര്‍ക്കാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്നത്. മേയ് മുതല്‍ ഏഴ് മാസത്തേക്കാണിത്. ഇതിന് പുറമെ വളം സബ്സിഡി ഇനത്തില്‍ 14776 കോടി രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിനായി 1.6 ട്രില്യണ്‍ രൂപ അധികമായി കടമെടുക്കേണ്ട അവസ്ഥയും കേന്ദ്രത്തിനുണ്ട്.