കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണത്തില്‍ എയര്‍ടെലിന് ഉയര്‍ന്ന റേറ്റിംഗ്
1 min read
ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് ഭരണം സംബന്ധിച്ച ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള റേറ്റിംഗ് ആയ’ക്രിസില്‍ ജിവിസി ലെവല്‍ 1′ ഗ്രേഡിംഗ് തങ്ങള്‍ക്ക് ലഭിച്ചതായി ഭാരതി എയര്‍ടെല്‍ അറിയിച്ചു. ‘ക്രിസില്‍ അതിന്‍റെ ഉയര്‍ന്ന ഗ്രേഡിംഗ് കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കോര്‍പ്പറേറ്റ് ഭരണ രീതികള്‍ക്കൊപ്പം കമ്പനിയില്‍ അതിന്‍റെ എല്ലാ പങ്കാളികള്‍ക്കും മൂല്യം സൃഷ്ടിക്കപ്പെടുന്നതും’ഉയര്‍ന്ന’ തലത്തിലാണെന്ന് ഗ്രേഡിംഗ് വ്യക്തമാക്കുന്നു’ റെഗുലേറ്ററി ഫയലിംഗില്‍ എയര്‍ടെല്‍ പറഞ്ഞു.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 759 കോടി രൂപയുടെ അറ്റാദായമാണ് എയര്‍ടെല്‍ രേഖപ്പെടുത്തിയത്. അവലോകന കാലയളവിലെ വരുമാനം 17.6 ശതമാനം ഉയര്‍ന്ന് 25,747 കോടി രൂപയായി. രാജ്യത്തെ ടെലികോം വിപണിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന എയര്‍ടെല്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് കമ്പനി നടത്തിയത്.
വൈവിധ്യവത്കരണവും വിപുലീകരണവും എയര്‍ടെലിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ടു നയിക്കുന്നതില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. ഉപഭോക്തൃ അടിത്തറയുടെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്ന ബിസിനസ് മോഡലാണ് എയര്‍ടെല്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ചുരുങ്ങിയ പരിധിക്കുള്ളില്‍ റീചാര്‍ജ്ജ് ഇല്ലാത്ത ഉപഭോക്താക്കളെ ഒഴിവാക്കുകയാണ്.
