ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവയുമായി ഫെഡറല്‍ ബാങ്ക് ധാരണയില്‍
1 min readകൊച്ചി: ക്ലൗഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്‍റ് (സി.ആര്‍.എം) സംവിധാനം നടപ്പിലാക്കുന്നതിന് ഫെഡറല്‍ ബാങ്ക് മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ധാരണയിലെത്തി. പുതുതലമുറ ഉപഭോക്തൃ അനുഭവം നല്‍കുന്ന ഒറക്കിള്‍ സിഎക്സ് പ്ലാറ്റ്ഫോം ഒരുക്കുന്നതിനാണ് സഹകരണം.
മാര്‍ക്കറ്റിങ്, സെയില്‍സ്, കസ്റ്റമര്‍ സര്‍വീസ്, സോഷ്യല്‍ ലിസനിങ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന സമഗ്രമായ സി.ആര്‍.എം സംവിധാനമാണ് ഫെഡറല്‍ ബാങ്കിനു വേണ്ടി ഈ കമ്പനികള്‍ ഒരുക്കുന്നത്. ബാങ്കിന്‍റെ എല്ലാ കേന്ദ്രങ്ങളിലും മികച്ചതും പുതിയ അനുഭവം നല്‍കുന്നതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കാനും ബാങ്കിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ സ്രോതസ്സില്‍ നിന്നുതന്നെ ലഭ്യമാക്കാനും അതു വഴി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ഈ സേവനത്തിന്‍റെ പ്രധാന സവിശേഷത.
‘ഒറാക്കിളും ഇന്‍ഫോസിസുമായി സഹകരിച്ച് പുതുതലമുറ സി.ആര്‍.എം സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഫെഡറല്‍ ബാങ്ക് ഒരു സുപ്രധാന ചുവടുവയ്ക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനുതകുന്ന സമഗ്രമായ ഒരു പ്ലാറ്റ്ഫോമായിരിക്കും ഇത്’- ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡുമായ (റിട്ടെയ്ല്‍) ശാലിനി വാര്യര്‍ പറഞ്ഞു.