ഇ- ഫയലിംഗ് പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍ക്കും: നിലേകനി
1 min readന്യൂഡെല്‍ഹി: ആദായനികുതി ഫയലിംഗിനായി അവതരിപ്പിച്ച വെബ്സൈറ്റിലെ തകരാറുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നന്ദന്‍ നിലേകനി. നികുതിദായകര്‍ക്ക് കൂടുതല്‍ സുഗമമായ ഫയലിംഗ് പ്രക്രിയ സാധ്യമാക്കുന്നതിനായി തിങ്കളാഴ്ചയാണ് പുതിയ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ ഇതില്‍ വ്യാപകമായ തടസങ്ങള്‍ നേരിടുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം ഇന്‍ഫോസിസിന്‍റെയും നിലേകനിയുടെയും ശ്രദ്ധയില്‍പ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.
‘പോര്‍ട്ടലിന്‍റെ ആദ്യ ദിനത്തില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചു. ഇത് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. തുടക്കത്തിലുണ്ടായ തടസ്സങ്ങളില്‍ ഇന്‍ഫോസിസ് ഖേദം പ്രകടിപ്പിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ സിസ്റ്റം പ്രശ്നങ്ങള്‍ പരിഹരിച്ച് സ്ഥിരതയില്‍ എത്തിക്കാനാകും എന്നാണ് കരുതുന്നത്,’ നിര്‍മലയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് നിലേക്കനി നല്‍കിയ മറുപടി ട്വീറ്റില്‍ പറയുന്നു.
ഈ മാസം 18 മുതലാണ് പോര്‍ട്ടലില്‍ നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം നിലവില്‍ വരിക. നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴി നികുതി അടയ്ക്കാം. റീഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും പുതിയ ഇ-ഫയലിംഗ് സംവിധാനം സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.