കോവിഡ് 19 ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി, ടിആര്‍പി 10ല്‍ താഴെയാകാന്‍ കാക്കും
221 മരണങ്ങള്‍ കൂടി കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 10,000 കടന്നു
തിരുവനന്തപുരം: കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ കാലാവധി നീട്ടുന്നത്. നേരത്തേ ജൂണ്‍ 9ലേക്ക് ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. നിലവില്‍ 14 ശതമാനത്തിനു മുകളിലാണ് ടിപിആര്‍. ഇത് 10 ശതമാനത്തിനു താഴെ എത്തിയതിനു ശേഷം മാത്രം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് ധാരണ എന്നാണ് വിവരം.
ജൂണ്‍ 16 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. എങ്കിലും വെള്ളിയാഴ്ച മുതല്‍ ചില ഇളവുകള്‍ കൂടുതലായി ഉണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാകുന്നുണ്ടെന്നും നിലവിലെ സ്ഥിതി അല്‍പ്പ ദിവസം കൂടി തുടരേണ്ടതുണ്ടെന്നുമാണ് കണക്കാക്കുന്നത്.
രോഗവ്യാപനം കുറയാത്ത സാഹചര്യമുണ്ടായാല്‍ തീവ്രമായ വ്യാപനം ഉള്ള സ്ഥസങ്ങളിലെ നിയന്ത്രണം കടുപ്പിച്ച് മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കും.
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗം കൂടുതല്‍ ബാധിച്ചത് 21 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുന്നതിനുള്ള തീവ്ര ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. മുന്‍ഗണനാ ക്രമം പരിഗണിക്കാതെ 40 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം കൂടുതലായി മധ്യ വയസ്കരെയും യുവാക്കളെയും ബാധിക്കുന്നുണ്ട്. 31 നും 40 നും ഇടയില്‍ പ്രായമുള്ള 252935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 233126 പേര്‍ക്കും രണ്ടാം തരംഗത്തില്‍ രോഗബാധയുണ്ടായെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്നലെ 221 മരണങ്ങള്‍ കൂടി കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 10,000 കടന്നു. 10,157 പേരുടെ മരണമാണ് ഇതുവരെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ പുതുതായി 9313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ടിആര്‍പി 13.2 ആണ്. ഇന്നലെ പുതിയ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. രണ്ട് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.