ആഡംബര സെഡാന്‍ ലെക്‌സസ് എല്‍എസ് 500എച്ച് ‘നിഷിജിന്‍’ ഇന്ത്യയില്‍
- ഡെല്‍ഹി എക്‌സ് ഷോറൂം വില 2.22 കോടി രൂപ
ന്യൂഡെല്‍ഹി: ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്‌സസ് ഇന്ത്യയില്‍ എല്‍എസ് 500എച്ച് ഫ്‌ളാഗ്ഷിപ്പ് മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ആഡംബര സെഡാന്റെ ‘നിഷിജിന്‍’ വേരിയന്റിന് 2.22 കോടി രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുറത്ത് പുതിയ കളര്‍ ഓപ്ഷനിലും അകത്ത് കൂടുതല്‍ ഫീച്ചറുകളോടെയുമാണ് ലെക്‌സസ് എല്‍എസ് 500എച്ച് നിഷിജിന്‍ വരുന്നത്.
‘ജിന്‍ഈ ലസ്റ്റര്‍’ എന്ന പുതിയ നിറമാണ് പുതിയ വേരിയന്റിന് നല്‍കിയിരിക്കുന്നത്. വെള്ളി നിറത്തിന്റെ മറ്റൊരു വകഭേദമാണ് പുതിയ കളര്‍ ഓപ്ഷന്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ പെയിന്റ് പൂശിയതെന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. കണ്ണാടിയുടേതിന് സമാനമായ തിളക്കം ഉണ്ടായിരിക്കും. പുതിയ നിറം കൂടാതെ ബംപറില്‍ ചെറിയ മാറ്റം വരുത്തി. ഇതോടെ ആഡംബര സെഡാന് കൂടുതല്‍ ഗാംഭീര്യം കൈവന്നു.
പ്രത്യേക പതിപ്പിന്റെ കാബിനില്‍ ‘നിഷിജിന്‍ഹക്കു’ എന്ന എഴുത്ത് കാണാം. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന് ഇപ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ വയര്‍ലെസ് കണക്റ്റിവിറ്റി ലഭിച്ചു. സ്റ്റിയറിംഗ് വളയത്തിലെയും സെന്റര്‍ കണ്‍സോളിലെയും ബട്ടണുകളുടെ സ്ഥാനം മാറ്റി.
എന്‍ജിനില്‍ മാറ്റമില്ല. 3.5 ലിറ്റര്‍, വി6 പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് കരുത്തേകുന്നത്. ആകെ 354 ബിഎച്ച്പി കരുത്ത് പുറത്തെടുക്കും. 10 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.
ഇന്ത്യയില്‍ മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ്, ജാഗ്വാര്‍ എക്‌സ്‌ജെ, ഔഡി എ8എല്‍ എന്നിവയാണ് എതിരാളികള്‍.