ഐപിഒയ്ക്ക് മുന്നോടിയായി ഡെല്‍ഹിവെറി 277 മില്യണ്‍ ഡോളര്‍ സമാഹരിച്ചു
ന്യുഡെല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) മുന്നോടിയായി, സപ്ലൈ ചെയിന്‍ സേവന ദാതാക്കളായ ഡെല്‍ഹിവെറി തങ്ങളുടെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 277 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനം ഫിഡിലിറ്റി ആണ് ഈ ഫണ്ടിംഗിലെ പ്രധാന നിക്ഷേപകര്‍. സിംഗപ്പൂരിലെ സോവര്‍ജിന്‍ വെല്‍ത്ത് ഫണ്ട് ജിഐസി, അബുദാബിയുടെ ചിമേര, യുകെയുടെ ബില്ലി ഗിഫോര്‍ഡ് എന്നിവയാണ് മറ്റ് നിക്ഷേപകര്‍.
റെഗുലേറ്ററി ഫയലിംഗില്‍ പുതിയ ഫണ്ടിംഗിനെ കുറിച്ച് ഡെല്‍ഹിവെറി അറിയിച്ചിട്ടുണ്ടെങ്കിലും മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഡിജിറ്റല്‍ കൊമേഴ്സിലൈ മുന്‍നിരന ഫുള്‍ഫില്‍മെന്‍റ് പ്ലാറ്റ്ഫോമായ ഡെല്‍ഹിവെറി ഇതുവരെ 1.23 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. പുതിയ ഫണ്ടിംഗോടെ കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറായെന്നാണ് കണക്കാക്കുന്നത്.
ഈ വര്‍ഷം ആദ്യം, കമ്പനി ബെംഗളൂരുവിലും അഹമ്മദാബാദിലും രണ്ട് പുതിയ ടെക് ഓഫീസുകള്‍ തുറന്നിരുന്നു. സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്നും തൊഴില്‍ ശക്തി 500 പേരിലേക്ക് ഉയര്‍ത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുഡ്ഗാവ്, ഗോവ, ഹൈദരാബാദ്, യുഎസിലെ സിയാറ്റില്‍ എന്നിവിടങ്ങളിലായി നിലവില്‍ 350ലധികം ജീവനക്കാര്‍ കമ്പനിക്കുണ്ട്.