ആമസോണ്‍ ‘ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍സ്’ ആരംഭിച്ചു
തെരഞ്ഞെടുത്ത ലേഖനങ്ങള്‍ ഇവിടെ സൗജന്യമായി വായിക്കാന്‍ കഴിയും
ന്യൂഡെല്‍ഹി: ആമസോണ്‍ വെബ്‌സൈറ്റിലും മൊബീല്‍ ആപ്പിലും പുതുതായി ‘ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍സ്’ എന്ന വിഭാഗം ആരംഭിച്ചു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ സൗജന്യമായി ഇവിടെ വായിക്കാന്‍ കഴിയും. എക്‌സ്‌ക്ലുസീവ്, സ്‌പോര്‍ട്‌സ്, ഓട്ടോ, വിനോദം, രാഷ്ട്രീയം തുടങ്ങിയ കാറ്റഗറികളിലാണ് ലേഖനങ്ങള്‍ വായിക്കാന്‍ ലഭിക്കുന്നത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള ലേഖനങ്ങളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ഇവയില്‍ ചില ലേഖനങ്ങള്‍ ആമസോണില്‍ മാത്രമായിരിക്കും വായിക്കാന്‍ കഴിയുകയെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഫീച്ചേര്‍ഡ് ലേഖനങ്ങള്‍ സംബന്ധിച്ച് ചില കിന്‍ഡില്‍ യൂസര്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ആമസോണ്‍ വെബ്‌സൈറ്റിലും ആപ്പിലും ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍സ് വിഭാഗം കണ്ടെത്തുന്നത് ശ്രമകരമായിരിക്കും. എന്നാല്‍ മാന്വലായി ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍സ് എന്ന് സെര്‍ച്ച് ചെയ്താല്‍ കാണാന്‍ കഴിയും. ഈ ലേഖനങ്ങള്‍ വായിക്കുന്നതിന് അഞ്ച് മിനിറ്റില്‍ താഴെ സമയം മതിയാകുമെന്ന് പറയുന്നു. എന്നാല്‍ ചില ലേഖനങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കും. ഭരണം, ബിസിനസ് ആന്‍ഡ് ഫിനാന്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്, സമൂഹവും ജീവിതശൈലിയും, പുസ്തകങ്ങള്‍, ഭക്ഷണം, ഫിക്ഷന്‍, ആനുകാലിക വിവരങ്ങള്‍, യാത്ര എന്നിവയാണ് മറ്റ് ലേഖന കാറ്റഗറികള്‍.
ഔട്ട്‌ലുക്ക്, വെസ്റ്റ്‌ലാന്‍ഡ്, ഹാര്‍പ്പര്‍ കോളിന്‍സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍നിന്നുള്ള ലേഖനങ്ങളും ഉണ്ടായിരിക്കും. ആമസോണ്‍ വെബ്‌സൈറ്റിലും ആപ്പിലും ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍സ് വിഭാഗം എളുപ്പത്തില്‍ കാണാന്‍ കഴിയില്ല. നിലവില്‍ പരീക്ഷിച്ചുവരികയാണെന്ന് തോന്നുന്നു. ഉപയോക്താക്കള്‍ക്കായി നൂതനവും ആകര്‍ഷകവുമായ അനുഭവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആമസോണ്‍ വക്താവ് പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായാണ് പുതിയ സേവനം പരീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.