ആഡംബരത്തിന് പുതിയ പേര്; റോള്‍സ് റോയ്‌സ് ബോട്ട് ടെയ്ല്‍
2017 ല്‍ ‘സ്വെപ്‌ടെയ്ല്‍’ അവതരിപ്പിച്ചശേഷം റോള്‍സ് റോയ്‌സിന്റെ ആദ്യ കോച്ച്ബില്‍റ്റ് ഉല്‍പ്പന്നമാണ് ബോട്ട് ടെയ്ല്‍
ഗുഡ്‌വുഡ്: റോള്‍സ് റോയ്‌സ് ഈയിടെയാണ് തങ്ങളുടെ ‘കോച്ച്ബില്‍ഡ്’ വിഭാഗം പുനരുജ്ജീവിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ കോച്ച്ബില്‍ഡിംഗ് വഴി നിര്‍മിച്ച റോള്‍സ് റോയ്‌സ് ബോട്ട് ടെയ്ല്‍ അനാവരണം ചെയ്തു. 2017 ല്‍ റോള്‍സ് റോയ്‌സ് ‘സ്വെപ്‌ടെയ്ല്‍’ അവതരിപ്പിച്ചശേഷം ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ കോച്ച്ബില്‍റ്റ് ഉല്‍പ്പന്നമാണ് ബോട്ട് ടെയ്ല്‍. ആകെ മൂന്ന് ‘ബോട്ട് ടെയ്ല്‍’ നിര്‍മിക്കുമെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് കാറുകള്‍ക്കും ഒരേ ബോഡി സ്‌റ്റൈല്‍ കാണുമെങ്കിലും ഉപയോക്താക്കള്‍ക്ക് വ്യക്തിപരമാക്കാന്‍ (പേഴ്‌സണലൈസേഷന്‍) കഴിയും.
യഥാര്‍ത്ഥ നൗകയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബോട്ട് ടെയ്ല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, 1932 ലെ ഒറിജിനല്‍ റോള്‍സ് റോയ്‌സ് ഫാന്റം 2 കോണ്ടിനെന്റല്‍ ബോട്ട്‌ടെയ്ല്‍ ടൂറര്‍ കൂടി പുതിയ മോഡല്‍ ഡിസൈന്‍ ചെയ്യുന്നതില്‍ സ്വാധീനിച്ചു. മുന്നില്‍ റോള്‍സ് റോയ്‌സിന്റെ സവിശേഷതയായ ‘പാന്തിയോണ്‍’ ഗ്രില്‍, വൃത്താകൃതിയുള്ള ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ നല്‍കി. ആഡംബര നൗകകളിലെ വൈസറുകള്‍ പോലെ റാപ്പ്എറൗണ്ട് വിന്‍ഡ്ഷീല്‍ഡ് ലഭിച്ചു. സോഫ്റ്റ് ടോപ്പ് കണ്‍വെര്‍ട്ടിബിളാണ് 2021 റോള്‍സ് റോയ്‌സ് ബോട്ട് ടെയ്ല്‍.
പിറകില്‍, താരതമ്യേന താഴ്ത്തി സ്ഥാപിച്ച എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ കാണാം. നൗകയുടെ പിന്‍ഭാഗം ഓര്‍മയില്‍ വരുന്നതാണ് കാറിന്റെ അമരത്ത് മരത്തടിയില്‍ നിര്‍മിച്ച ഡെക്ക്. ‘ഹോസ്റ്റിംഗ് സ്യൂട്ട്’ എന്ന് റോള്‍സ് റോയ്‌സ് വിളിക്കുന്ന ഈ ഡെക്ക് കൂടുതലായി തുറക്കാന്‍ കഴിയും. കട്ട്‌ലറി, വെള്ളിപ്പാത്രങ്ങള്‍, മടക്കിവെയ്ക്കാവുന്ന രണ്ട് പിക്‌നിക് ടേബിളുകള്‍, രണ്ട് റഫ്രിജറേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ഹോസ്റ്റിംഗ് സ്യൂട്ട്. നോട്ടിക്കല്‍ തീം അനുസരിച്ച് നീലയുടെ ഡുവല്‍ ഷേഡ് ഫിനിഷ് ലഭിച്ചതാണ് റോള്‍സ് റോയ്‌സ് ബോട്ട് ടെയ്ല്‍. അനുയോജ്യമായ മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ നല്‍കി. കോച്ച്ബില്‍റ്റ് മോഡലിന് 5.8 മീറ്ററാണ് നീളം.
കാറിനകത്തും നോട്ടിക്കല്‍ തീം നിറഞ്ഞുനില്‍ക്കുന്നു. മുന്‍ നിരയില്‍ ഇരുണ്ട നീല നിറത്തിലും പിന്‍ നിരയില്‍ ഇളം നിറത്തിലുമുള്ളതാണ് തുകല്‍ അപോള്‍സ്റ്ററി. ആഡംബര വാച്ചുകള്‍ നിര്‍മിക്കുന്ന സ്വിസ് ബ്രാന്‍ഡായ ബോവെയുടെ ടൈംപീസ്, ഗ്ലവ് ബോക്‌സിനകത്ത് കരകൗശലത്താല്‍ നിര്‍മിച്ച അലുമിനിയം, തുകല്‍ ഉറയില്‍ മോണ്ട്ബ്ലാങ്ക് പേന എന്നിവ ഈ കാര്‍ വാങ്ങുന്ന ഉപയോക്താവിന് കസ്റ്റമൈസ് ചെയ്തു ലഭിക്കും.
പവര്‍ട്രെയ്ന്‍ സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ റോള്‍സ് റോയ്‌സ് ഫാന്റം അടിസ്ഥാനമാക്കി നിര്‍മിച്ചതിനാല്‍ അതേ 6.75 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി12 എന്‍ജിന്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോട്ടോര്‍ 571 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.