ടൂറിസത്തിന്‍റെ വീണ്ടെടുപ്പിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഹമ്മദ് റിയാസ്
1 min readമഹാമാരി ബാധിച്ച വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ശ്രദ്ധേയമായ തിരിച്ചുവരവിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ് യോഗം വിളിച്ചത്
തിരുവനന്തപുരം: കോവിഡ് -19 മഹാമാരി വലിയ പ്രതിസന്ധി സൃഷ്ടിച്ച ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കേരളത്തിന്‍റെ പുതിയ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ടൂറിസം മേഖലയുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട 18 പ്രതിനിധികളാണ് മന്ത്രിയുമായുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തത്.
2025 ഓടെ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഈ വ്യവസായ മേഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് റിയാസ് പറഞ്ഞു. 2022 കോവിഡ് മുക്ത വിനോദ സഞ്ചാര വര്‍ഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം വ്യവസായം അഭിമുഖീകരിക്കുന്ന നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ നടപ്പാക്കും. കോവിഡ് -19 ന്‍റെ രണ്ടാം തരംഗം അവസാനിച്ചുകഴിഞ്ഞാല്‍ പ്രത്യേക വിപണന പ്രചാരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാമാരി ബാധിച്ച വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ശ്രദ്ധേയമായ തിരിച്ചുവരവിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ് യോഗം വിളിച്ചത്. മന്ത്രി ചുമതലയേറ്റ ഉടന്‍ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മേഖലയുടെ വീണ്ടെടുപ്പിന് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടിയിരുന്നു.
കോവിഡ് 19 എങ്ങനെയാണ് സംരംഭകര്‍ക്കും ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റെല്ലാവര്‍ക്കും കനത്ത തിരിച്ചടിയായിത്തീര്‍ന്നതെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മന്ത്രിയോട് വിശദീകരിച്ചു. മറ്റേതൊരു സംസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമായി പ്രതിസന്ധി ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ വ്യവസായത്തിന് പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും നല്‍കിയിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കുകയും ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ രൂപീകരിക്കുകയും ചെയ്യും. സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്ത ടൂറിസത്തിലൂടെ ടൂറിസം മേഖലയുടെ നേട്ടങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കും. ഇത്തരത്തിലുള്ള പിന്തുണയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സംരംഭകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രാദേശിക സമൂഹത്തിനും ഒരുപോലെ നേട്ടമുണ്ടാക്കുന്ന ഒന്നായി ടൂറിസത്തെ വളര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.