ലോകത്തിലെ 53ഓളം ഭൂപ്രദേശങ്ങളില്‍ ഇന്ത്യന്‍ വകഭേദത്തെ കണ്ടെത്തി: ലോകാരോഗ്യ സംഘടന
1 min readമറ്റ് ഏഴിടങ്ങളില്‍ കൂടി B.1.617 വകഭേദത്തെ കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്
ജനീവ: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തെ ലോകത്തിലെ 53ഓളം ഭൂപ്രദേശങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. മറ്റ് ഏഴ് ഭൂപ്രദേശങ്ങളില്‍ കൂടി B.1.617 എന്ന ഇന്ത്യന്‍ വകഭേദമുള്ളതായി അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്നും ലോകാരോഗ്യ സംഘടനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതും കൂടി ചേര്‍ന്നാല്‍ ഇന്ത്യയെ കൂടാതെ 60 ഇടങ്ങളില്‍ കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമുള്ളതായി അനുമാനിക്കാം.
B.1.617 എന്ന വൈറസ് വകഭേദത്തിന് രോഗ വ്യാപന ശേഷി കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഈ വകഭേദം മൂലമുണ്ടാകുന്ന കോവിഡ്-19ന്റെ രോഗതീവ്രത, അപകടസാധ്യതയും സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ലോകത്ത് കഴിഞ്ഞ ആഴ്ചയും പുതിയ കൊറോണ വൈറസ് കേസുകളിലും രോഗബാധമൂലമുള്ള മരണങ്ങളിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച 4.1 ദശലക്ഷം പുതിയ കേസുകളും 84,000 കോവിഡ് മരണങ്ങളുമാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ 14 ശതമാനവും മരണപ്പെട്ടവരുടെ എണ്ണത്തില്‍ രണ്ട് ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.
ഒരാഴ്ചയ്ക്കിടെ യൂറോപ്യന്‍ മേഖലയിലാണ് രോഗബാധിതരുടെ എണ്ണത്തിലിും മരണസംഖ്യയിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. അതുകഴിഞ്ഞാല്‍ കോവിഡ് രോഗബാധയും മരണവും കുറവ് തെക്ക്കിഴക്കന്‍ ഏഷ്യയിലാണ്. അമേരിക്ക, കിഴക്കന്‍ മെഡിറ്ററേനിയന്‍, ആഫ്രിക്ക, പടിഞ്ഞാറന്‍ പസഫിക് മേഖലകളിലും മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ആഴ്ച രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയായി ലോകത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ലോകത്തിന്റെ പലയിടങ്ങളിലുമുള്ള നിരവധി രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും കാര്യമായി വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ (1,846,055), ബ്രസീല്‍ (451,424), അര്‍ജന്റീന (213,046), യുഎസ്(188,410), കൊളമ്പിയ (107,590) എന്നീ രാജ്യങ്ങളില്‍ ആണ്.
വകഭേദങ്ങള്‍
ലോകാരോഗ്യ സംഘടന ആശങ്കപ്പെടേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കൊറോണ വൈറസ് വകഭേദങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടന്‍(B.1.1.7), ദക്ഷിണാഫ്രിക്ക(B.1.351), ബ്രസീല്‍(P.1), ഇന്ത്യ(B.1.617) എന്നിവിടങ്ങളില്‍ ആദ്യമായി കണ്ടെത്തിയ വകഭേദങ്ങളാണ് നിലവില്‍ ആശങ്കപ്പെടേണ്ട വൈറസുകളുടെ പട്ടികയില്‍ ഉള്ളത്.
149 ഭൂപ്രദേശങ്ങളിലാണ് ബ്രിട്ടന്‍ വകഭേദത്തെ കണ്ടെത്തിയിട്ടുള്ളത്.102 ഭൂപ്രദേശങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദവും 59 ഭൂപ്രദേശങ്ങളില്‍ ബ്രസീല്‍ വകഭേദവും കണ്ടെത്തി. ഇന്ത്യന്‍ വകഭേദമായ B.1.617നെ ലോകാരോഗ്യ സംഘടന മൂന്ന് തലമുറകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ B.1.617.1 എന്ന വകഭേദം 41 ഭൂപ്രദേശങ്ങളിലും B.1.617.2 എന്ന വകഭേദം 54 ഭൂപ്രദേശങ്ങളിലും B.1.617.3 എന്ന വകഭേദം ആറ് ഭൂപ്രദേശങ്ങളിലുമാണ് കണ്ടെത്തിയത്. മൊത്തത്തില്‍ 53 ഇടങ്ങളില്‍ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ഔദ്യോഗികമായും ഏഴിടങ്ങളില്‍ അനൗദ്യോഗികമായും സ്ഥീരീകരിച്ചിട്ടുണ്ട്.
വൈറസിന് കൂടുതല്‍ പരിണാമമുണ്ടാകുമെന്നാണ് കരുതുന്നതെന്നും SARS-CoV-2 വൈറസ് കൂടുതല്‍ വ്യാപിക്കുന്നതിനനുസരിച്ച് അതിന് കൂടുതല്‍ വ്യതിയാനങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളും ഏറെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. നിലവിലുള്ള, ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട രോഗ നിയന്ത്രണ രീതികളിലൂടെ രോഗ വ്യാപനം കുറയ്ക്കുന്നത് പൊതുജനാരോഗ്യത്തെ മോശമായി ബാധിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആഗോള തന്ത്രത്തിന്റെ നിര്‍ണായക ഘടകാമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.