എംജിഎം വാങ്ങുന്നതായി ആമസോണ്‍ പ്രഖ്യാപിച്ചു
പ്രശസ്ത ഹോളിവുഡ് മൂവി സ്റ്റുഡിയോ സ്ഥാപനമായ മെട്രോ ഗോള്‍ഡ്‌വിന്‍ മെയറിനെ (എംജിഎം) വാങ്ങുന്നതായി ആമസോണ്‍ പ്രഖ്യാപിച്ചു. 8.45 ബില്യണ്‍ യുഎസ് ഡോളറിനാണ് (ഏകദേശം 61,500 കോടി ഇന്ത്യന്‍ രൂപ) ഏറ്റെടുക്കുന്നത്. ഇതോടെ ചലച്ചിത്രങ്ങളുടെയും ടിവി ഷോകളുടെയും വലിയ ശേഖരം ആമസോണിന് സ്വന്തമാകും. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ സ്ട്രീമിംഗ് സേവന എതിരാളികളുമായി മല്‍സരം കടുപ്പിക്കുകയാണ് ഇതുവഴി ആമസോണ്‍. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇപ്പോഴത്തേത്. 2017 ല്‍ 13.7 ബില്യണ്‍ യുഎസ് ഡോളറിന് (ഏകദേശം 99,710 കോടി ഇന്ത്യന്‍ രൂപ) ഹോള്‍ ഫുഡ്‌സ് മാര്‍ക്കറ്റിനെ വാങ്ങിയതായിരുന്നു ആമസോണിന്റെ വമ്പന്‍ ഡീല്‍.
1924 ലാണ് മാര്‍ക്കസ് ലോ, ലൂയിസ് ബി മെയര്‍ എന്നിവര്‍ ചേര്‍ന്ന് മെട്രോ ഗോള്‍ഡ്‌വിന്‍ മെയര്‍ അഥവാ എംജിഎം സ്ഥാപിച്ചത്. ‘എപ്പിക്‌സ്’ കേബിള്‍ ചാനലിന്റെ ഉടമസ്ഥാവകാശം കൂടാതെ ഫാര്‍ഗോ, വൈക്കിംഗ്‌സ്, ഷാര്‍ക്ക് ടാങ്ക് തുടങ്ങി ജനപ്രിയ ടിവി ഷോകളും നിര്‍മിക്കുന്നു. മെട്രോ ഗോള്‍ഡ്‌വിന്‍ മെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഗര്‍ജിക്കുന്ന സിംഹമായിരിക്കും ഏവരുടെയും ഓര്‍മയില്‍ വരുന്നത്.
എംജിഎമ്മിന്റെ വലിയ കാറ്റലോഗ് അമൂല്യനിധിശേഖരമാണെന്നും ഈ ഇടപാടിന് പിന്നിലെ യഥാര്‍ത്ഥ സാമ്പത്തിക മൂല്യം അതുതന്നെയാണെന്നും ആമസോണ്‍ സ്റ്റുഡിയോസിന്റെയും പ്രൈം വീഡിയോയുടെയും സീനിയര്‍ വൈസ് പ്രസിഡന്റ് മൈക്ക് ഹോപ്കിന്‍സ് പറഞ്ഞു. എംജിഎമ്മിന്റെ പ്രഗല്‍ഭ ടീമിനെയും കൂട്ടുപിടിച്ച് മുന്നോട്ടുപോകാനാണ് പദ്ധതി. ഹൈ ക്വാളിറ്റി കഥപറച്ചിലിന് നിരവധി അവസരങ്ങളാണ് പുതിയ ഏറ്റെടുക്കല്‍ വഴി ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നെറ്റ്ഫ്‌ളിക്‌സ്, വാള്‍ട്ട് ഡിസ്‌നിയുടെ ഡിസ്‌നി പ്ലസ്, എച്ച്ബിഒ മാക്‌സ്, ആപ്പിളിന്റെ ആപ്പിള്‍ ടിവി പ്ലസ് തുടങ്ങി ആമസോണ്‍ പ്രൈം വീഡിയോയുടെ എതിരാളികള്‍ നിരവധിയാണ്. ഈ കമ്പനികള്‍ കൂടുതലായി പണം ചെലവിടുകയും കൂടുതല്‍ അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. മഹാമാരിയുടെ കാലത്ത് വിവിധ ഷോകള്‍ ഓണ്‍ലൈനായി കാണുന്നതും തീറ്റയും കുടിയും ഒപ്പം നടക്കുന്നതുമായ വീടുകളിലെ സാഹചര്യമാണ് ഈ കമ്പനികള്‍ മുതലെടുക്കുന്നത്.
8.45 ബില്യണ്‍ ഡോളറെന്ന തുക വളരെ ഉയര്‍ന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കലെന്നാണ് വ്യക്തമാകുന്നത്. തങ്ങള്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയാല്‍ ആ നേട്ടം കൂടുതല്‍ ഷൂ വില്‍ക്കാന്‍ സഹായിക്കുമെന്ന് 2016 ല്‍ നടന്ന സമ്മേളനത്തില്‍ ബെസോസ് പ്രസ്താവിച്ചിരുന്നു. ആമസോണിന്റെ വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകള്‍ സൂചിപ്പിക്കുന്നതായിരുന്നു ഈ പ്രസ്താവന. ഈയിടെ തുടര്‍ച്ചയായ നാലാം പാദത്തിലും റെക്കോര്‍ഡ് ലാഭമാണ് ആമസോണ്‍ രേഖപ്പെടുത്തിയത്. ഇതിനിടെ ആമസോണ്‍ പ്രൈം വരിക്കാരുടെ എണ്ണം 200 ദശലക്ഷം പിന്നിടുകയും ചെയ്തു.
ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ഫ്രാഞ്ചൈസികളിലൊന്നായ ജെയിംസ് ബോണ്ടിന്റെ അവകാശങ്ങള്‍ ഇനി ആമസോണിന്റെ കൈകളില്‍ എത്തിച്ചേരും. ക്ലാസിക് സിനിമകളുടെ മഹത്തായ ശേഖരത്തിനും ഉടമകളാണ് എംജിഎം. മാത്രമല്ല, ജനപ്രിയ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പുതിയ ഷോകളും ചലച്ചിത്രങ്ങളും നിര്‍മിക്കാന്‍ ആമസോണിന് കഴിയും. പ്രൈം പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഈ നീക്കം ആമസോണിനെ സഹായിക്കും. എന്നാല്‍ എംജിഎമ്മിന്റെ പല പരിപാടികളും ആമസോണിന് ഇപ്പോള്‍ സംപ്രേഷണം ചെയ്യാന്‍ കഴിയില്ല. എംജിഎം തങ്ങളുടെ ഉള്ളടക്കങ്ങള്‍ നിരവധി വര്‍ഷത്തേക്ക് വിവിധ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയിരിക്കുകയാണ്.
എംജിഎം ഏറ്റെടുക്കുമെന്ന വാര്‍ത്ത വന്നതോടെ ആമസോണിന്റെ ഉള്ളടക്കത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെഫ് ബ്ലാക്ക്‌ബേണ്‍ ആമസോണില്‍ ഉടനടി തിരിച്ചെത്തി. ഈ വര്‍ഷം തുടക്കത്തിലാണ് അദ്ദേഹം ആമസോണ്‍ വിട്ടത്.