2020-21ലെ ജിഡിപി ഇടിവ് 8.45%: ഐസിആര്‍എ
1 min read![](https://futurekerala.in/wp-content/uploads/2021/05/Future-Kerala-8.45-GDP-decline-in-2020-21-ICRA.jpg)
ന്യൂഡെല്‍ഹി: കോവിഡ് 19 മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ വന്‍ ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ പ്രകടമായിരുന്നുവെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ. 2 ശതമാനം വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായെന്നാണ് ഏജന്‍സി വിലയിരുത്തുന്നത്. മൊത്തം മൂല്യത്തിന്‍റെ (ജിവിഎ) അടിസ്ഥാനത്തില്‍ 3 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ഇടിവ് രേഖപ്പെടുത്തുമെന്ന ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്ന് ഐസിആര്‍എ പറയുന്നു.
2020-21ല്‍ മൊത്തം 8.45 ശതമാനത്തിന്‍റെ ഇടിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ പാദത്തില്‍ 0.40 ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്താന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിരുന്നു. ഇത് പരിമിതമായെങ്കിലും അടുത്ത പാദത്തില്‍ മെച്ചപ്പെട്ടു. എന്നാല്‍ നടപ്പു പാദത്തില്‍ കോവിഡിന്‍റെ രണ്ടാം തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചത് വീണ്ടെടുപ്പിനെ വീണ്ടും മന്ദഗതിയിലാക്കുമെന്നാണ് കരുതുന്നത്.
നാലാം പാദത്തിലെ ജിഡിപി വളര്‍ച്ച പ്രധാനമായും സര്‍ക്കാര്‍ സബ്സിഡികളുടെ കൂടി ഫലമാണെന്ന് ഐസിആര്‍എ-യിലെ ചീഫ് ഇക്ക്ണോമിസ്റ്റ് അദിതി നയ്യാര്‍ പറയുന്നു. ജിവിഎ വളര്‍ച്ചയാണ് നാലാം പാദത്തിലെ പ്രകടനത്തില്‍ ഏറെ ശ്രദ്ധേയമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.