ബജറ്റില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്ന് 66% മധ്യവര്‍ഗം
1 min readകുറഞ്ഞ വരുമാനമുള്ളവര്‍ ഏറ്റവുമധികം ആശങ്ക പ്രകടമാക്കിയത് വര്‍ധിച്ചുവരുന്ന ധനക്കമ്മിയിലാണ്
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അതിനൊത്തത് ആയിരുന്നില്ലെന്നും മധ്യ വരുമാന വിഭാഗത്തിലെ 66 ശതമാനം അഭിപ്രായപ്പെടുന്നതായി സര്‍വെ റിപ്പോര്‍ട്ട്. ഐഎഎന്‍എസ്-സി വോട്ടര്‍ ബജറ്റ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്ന വരുമാനക്കാരാണ് ബജറ്റില്‍ ഏറ്റവും അതൃപ്തരായ വിഭാഗം. ഈ വിഭാഗത്തില്‍ നിന്ന് പ്രതികരിച്ചവരില്‍ 52.8 ശതമാനം പേരും ബജറ്റ് പ്രതീക്ഷകള്‍ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
കുറഞ്ഞ വരുമാനമുള്ളവര്‍ ഏറ്റവുമധികം ആശങ്ക പ്രകടമാക്കിയത് വര്‍ധിച്ചുവരുന്ന ധനക്കമ്മിയിലാണ്. രാജ്യത്തിന്റെ ധനക്കമ്മി 9.5 ശതമാനമായിരിക്കുന്നത് വലിയ ആശങ്കയാണെന്ന് ഈ വിഭാഗത്തില്‍ നിന്നു പ്രതികരിച്ചവരില്‍ 60.5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
സര്‍വെയില്‍ പങ്കെടുത്ത 41.9 ശതമാനം പേരും ബജറ്റ് തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40.8 ശതമാനം പേര്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. 44.2 ശതമാനം പേര്‍ ആദായനികുതി സ്ലാബില്‍ മാറ്റമൊന്നും വരുത്താത്തതില്‍ നിരാശരാണ്, 40.7 ശതമാനം പേര്‍ ഇക്കാര്യത്തില്‍ നിരാശരല്ലെന്ന് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കായുള്ള ബജറ്റാണിതെന്ന് 46.4 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 36.4 ശതമാനം പേര്‍ അങ്ങനെയല്ലെന്ന് അഭിപ്രായപ്പെട്ടു. ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന സന്ദേശം നല്‍കാന്‍ ഈ ബജറ്റിലൂടെ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഏകദേശം മൂന്നില്‍ രണ്ട് പേരും സമ്മതിക്കുന്നു. 62.5 ശതമാനം പേര്‍ ഈ നിര്‍ദ്ദേശത്തോട് യോജിക്കുമ്പോള്‍ 24.7 ശതമാനം പേര്‍ മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്.
സര്‍ക്കാരിന്റെ ട്രഷറി ശൂന്യമാണെന്ന് ഈ ബജറ്റ് സൂചിപ്പിക്കുന്നുവെന്ന് 44.2 ശതമാനം പേര്‍ക്ക് തോന്നുന്നില്ല. എന്നാല്‍ 42.2 ശതമാനം പേര്‍ ട്രഷറി ശൂന്യമാണെന്ന് കരുതുന്നു. സര്‍ക്കാരിന്റെ ധനശേഷി സംബന്ധിച്ച ഉയര്‍ന്ന അളവിലുള്ള ആശങ്കയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.