4ജി സ്പെക്ട്രം ലേലം അവസാനിച്ചു, സര്‍ക്കാര്‍ സമാഹരിച്ചത് 77,800 കോടി
1 min readജൂലൈ മുതല്‍ കാലഹരണപ്പെടുന്ന എയര്‍ വേവ് പെര്‍മിറ്റുകള്‍ പുതുക്കുന്നത് ലക്ഷ്യമിട്ട് കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തു
ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന 4 ജി സ്പെക്ട്രം ലേലത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 77,800 കോടി രൂപയുടെ സമാഹരണം നടത്തിയെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച തുടങ്ങിയ ലേലം രണ്ടാം ദിനമായ ചൊവ്വാഴ്ച തന്നെ അവസാനിച്ചു. സമീപകാലത്ത് സ്പെക്ട്രം വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ നടത്തിയ ഏറ്റവും ഹ്രസ്വമായ ലേലമാണിത്. എങ്കിലും സ്പെക്ട്രം വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനം ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2015 ലെ ലേലത്തില്‍ 1,13,932 കോടി രൂപ സമാഹരിച്ചതാണ് ഏറ്റവും ഉയര്‍ന്നത്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ ജൂലൈ മുതല്‍ കാലഹരണപ്പെടുന്ന എയര്‍ വേവ് പെര്‍മിറ്റുകള്‍ പുതുക്കുന്നത് ലക്ഷ്യമിട്ട് ലേലത്തില്‍ പങ്കെടുത്തു. ആറ് റൗണ്ടുകളായാണ് ലേലം നടന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ടെലികോം കമ്പനികളില്‍ നിന്ന് ലേലത്തിന് കിട്ടിയിട്ടുള്ളത്. സര്‍ക്കാര്‍ 45,000 കോടി രൂപയുടെ സമാഹരണം മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. 5ജി സ്പെക്ട്രം ലേലം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ നിലവിലെ സ്പെക്ട്രം പുതുക്കുന്നതിനായി ചെലവിടാന്‍ കമ്പനികള്‍ തയാറാകുകയായിരുന്നു.
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലുമാണ് ലേലത്തില്‍ ഏറ്റവുമധികം മുടക്കിയിട്ടുണ്ടാകുക എന്നാണ് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വോഡഫോണ്‍ ഐഡിയക്ക് കുറഞ്ഞ പങ്കാളിത്തം മാത്രമാണ് ഉണ്ടാവുക. 800 മെഗാഹെര്‍ട്സിന്‍റെ പുതുക്കലും 2300 മെഗാഹെര്‍ട്സ് ശേഷിക്കായുള്ള നിക്ഷേപങ്ങളുമായി റിലയന്‍സ് ജിയോ ഏറ്റവും കൂടുതല്‍ ചെലവഴിച്ചു. 800 മെഗാഹെര്‍ട്സിനാണ് ഏറ്റവും ഉയര്‍ന്ന ആവശ്യകത പ്രകടമായത്. 37,500 കോടി രൂപയായിരുന്നു ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ബിഡ് മൂല്യം.
സബ് ജിഗാഹെര്‍ട്സ്, മിഡ് ബാന്‍ഡ് എന്നിവയില്‍ ഉടനീളമായി 355.45 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ എന്നിവയ്ക്കായി 18,699 കോടി രൂപയുടെ ചെലവിടല്‍ നടത്തിയെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുള്ളത്. ‘ഇത് രാജ്യത്തെ ഏറ്റവും മികച്ച സ്പെക്ട്രം ഹോള്‍ഡിംഗുകള്‍ എയര്‍ടെലിന് നല്‍കുന്നു. സബ് ജിഗാഹെര്‍ട്സ് സ്പെക്ട്രത്തില്‍ രാജ്യവ്യാപകമായ സാന്നിധ്യം എയര്‍ടെല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് എല്ലാ നഗരങ്ങളിലും കവറേജ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കും,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.