2021 ഫോക്‌സ്‌വാഗണ്‍ ടി റോക് അവതരിപ്പിച്ചു
ഇന്ത്യ എക്‌സ് ഷോറൂം വില 21.35 ലക്ഷം രൂപ
ന്യൂഡെല്‍ഹി: 2021 ഫോക്‌സ്‌വാഗണ്‍ ടി റോക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 21.35 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 2020 മാര്‍ച്ചിലാണ് ടി റോക് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. 19.99 ലക്ഷം രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനുശേഷം രണ്ടാം ബാച്ച് എത്തുമ്പോള്‍ വില 1.36 ലക്ഷം രൂപ വര്‍ധിച്ചു. പൂര്‍ണമായി നിര്‍മിച്ചശേഷം എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കും.
1.5 ലിറ്റര്‍ ടിഎസ്‌ഐ ഇവോ പെട്രോള്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ ടി റോക് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 147 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 8.4 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 205 കിലോമീറ്ററാണ് ടോപ് സ്പീഡ്.
ഫീച്ചറുകള്‍ ധാരാളമാണ്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്‌ലാംപുകള്‍, പനോരമിക് സണ്‍റൂഫ്, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, തുകല്‍ അപോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വര്‍ച്ച്വല്‍ കോക്പിറ്റ് തുടങ്ങിയവ ലഭിച്ചു.
എംക്യുബി പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗണ്‍ ടി റോക് നിര്‍മിക്കുന്നത്. കോംപാക്റ്റ് അനുപാതങ്ങളിലും സ്‌പോര്‍ട്ടി ഡിസൈന്‍ ഭാഷയാണ് നല്‍കിയിരിക്കുന്നത്. 4,229 മില്ലിമീറ്ററാണ് നീളം. വീല്‍ബേസ് 2,595 മില്ലിമീറ്റര്‍ ആയതിനാല്‍ കാബിനില്‍ ധാരാളം സ്ഥലസൗകര്യം ഉണ്ടായിരിക്കും. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി, ടിപിഎംഎസ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.