മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളോടെ 2021 ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍
900 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ഇപ്പോള്‍ പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും
ന്യൂഡെല്‍ഹി: 2021 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ അനാവരണം ചെയ്തു. ജെറ്റ് ബ്ലാക്ക്, മാറ്റ് കാക്കി മാറ്റ് അയേണ്‍സ്റ്റോണ്‍, അര്‍ബന്‍ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ മോഡല്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് മോട്ടോര്‍സൈക്കിള്‍ കൂടാതെ, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ സാന്‍ഡ്‌സ്‌റ്റോം എന്ന ലിമിറ്റഡ് എഡിഷന്‍ കൂടി അനാവരണം ചെയ്തു. ആഗോളതലത്തില്‍ 775 യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്.
പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് മിഡില്‍വെയ്റ്റ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു. 900 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 64.1 ബിഎച്ച്പി കരുത്തും 3,250 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.
വിപണിയില്‍നിന്ന് പുറത്തുപോയ മുന്‍ഗാമിയുടെ അതേ സ്‌റ്റൈലിംഗ് ലഭിച്ചു. വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റ്, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയരത്തിലായി സ്ഥാപിച്ച എക്‌സോസ്റ്റ്, സ്പ്ലിറ്റ് സ്റ്റൈല്‍ സീറ്റുകള്‍, വയര്‍ സ്‌പോക്ക് വീലുകള്‍ എന്നിവ 2021 പതിപ്പില്‍ തുടരുന്നു.
മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരുവശങ്ങളിലായി സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 310 എംഎം ഡിസ്‌ക്, പിന്നില്‍ 255 എംഎം ഡിസ്‌ക് എന്നിവയാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ ഓടുന്നത്. മെറ്റ്‌സെലര്‍ ടൂറന്‍സ് ടയറുകള്‍ ഉപയോഗിക്കുന്നു.