കൂടുതല്‍ ഡൗണ്‍ഫോഴ്‌സുമായി 2021 കവസാക്കി നിഞ്ച സെഡ്എക്‌സ് 10ആര്‍
എക്‌സ് ഷോറൂം വില 14.99 ലക്ഷം രൂപ
ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന 2021 മോഡല്‍ കവസാക്കി നിഞ്ച സെഡ്എക്‌സ് 10ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ഇന്ത്യ കവസാക്കി മോട്ടോര്‍ (ഐകെഎം) പ്രഖ്യാപിച്ചു. 14.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ലൈം ഗ്രീന്‍, ഫ്‌ളാറ്റ് എബണി ടൈപ്പ് 2 എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
998 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് പുതിയ സെഡ്എക്‌സ് 10ആര്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 13,200 ആര്‍പിഎമ്മില്‍ 200 ബിഎച്ച്പി (റാം എയര്‍ സഹിതം 210 ബിഎച്ച്പി) കരുത്തും 11,400 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രോണിക് ത്രോട്ടില്‍ വാല്‍വുകള്‍, കവസാക്കിയുടെ വേള്‍ഡ് എസ്ബികെ റേസ് മഷീന്‍ അടിസ്ഥാനമാക്കിയ പുതിയ എയര്‍ കൂള്‍ഡ് ഓയില്‍ കൂളര്‍, പരിഷ്‌കരിച്ച എക്‌സോസ്റ്റ് സിസ്റ്റം എന്നിവ ലഭിച്ചു.
ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡോളജി ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍, എസ് കെടിആര്‍സി (അഞ്ച് മോഡുകള്‍, ഓഫ് എന്നിവ സഹിതം സ്‌പോര്‍ട്ട് കവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍), കെഎല്‍സിഎം (കവസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡ്), കെസിഎംഎഫ് (കവസാക്കി കോര്‍ണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷന്‍), പവര്‍ മോഡുകള്‍ (ഫുള്‍, മിഡില്‍, ലോ), ഇന്റഗ്രേറ്റഡ് റൈഡിംഗ് മോഡുകള്‍ (സ്‌പോര്‍ട്ട്, റോഡ്, റെയ്ന്‍, റൈഡര്‍ (മാന്വല്‍)), കവസാക്കി എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, കെഐബിഎസ് (കവസാക്കി ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം), ഒഹ്‌ലിന്‍സ് ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപര്‍, കെക്യുഎസ് (കവസാക്കി ക്വിക്ക് ഷിഫ്റ്റര്‍) എന്നിവയാണ് 2021 കവസാക്കി സെഡ്എക്‌സ് 10ആര്‍ മോട്ടോര്‍സൈക്കിളിലെ ഇലക്ട്രോണിക്‌സ്.
അലുമിനിയം ട്വിന്‍ സ്പാര്‍ ഫ്രെയിം, അലുമിനിയം സ്വിംഗ്ആം എന്നിവ 2021 കവസാക്കി നിഞ്ച സെഡ്എക്‌സ് 10ആര്‍ മോട്ടോര്‍സൈക്കിളിന് ലഭിച്ചു. ഷോവ ബിഎഫ്എഫ് (ബാലന്‍സ് ഫ്രീ ഫ്രണ്ട് ഫോര്‍ക്ക്), തിരശ്ചീനമായ ബാക്ക് ലിങ്ക് സഹിതം ഷോവ ബിഎഫ്ആര്‍സി ലൈറ്റ് (ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍) എന്നിവയാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ബ്രെംബോ ബ്രേക്കുകളാണ് (ബ്രെംബോ എം50 മോണോബ്ലോക് കാലിപറുകള്‍) ഉപയോഗിക്കുന്നത്.
പുതിയ സെഡ്എക്‌സ് 10ആര്‍ വികസിപ്പിക്കുമ്പോള്‍ എയ്‌റോഡൈനാമിക്‌സിന്റെ ഭാഗമായ ഡൗണ്‍ഫോഴ്‌സിലാണ് കൂടുതല്‍ ശ്രദ്ധിച്ചതെന്ന് കവസാക്കി വ്യക്തമാക്കി. അതുകൊണ്ടാണ് അപ്പര്‍ കൗളില്‍ വിംഗ്‌ലെറ്റുകള്‍ നിര്‍മിച്ചത്. ഇതോടെ മുന്‍ഗാമിയേക്കാള്‍ 17 ശതമാനത്തോളം അധികം ഡൗണ്‍ഫോഴ്‌സ് ലഭിക്കും. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, പുതിയ ടെയ്ല്‍ കൗള്‍ ഡിസൈന്‍, പരിഷ്‌കരിച്ച ഹാന്‍ഡില്‍ബാര്‍, പുതിയ ഫൂട്ട്‌പെഗ് പൊസിഷന്‍ എന്നിവയും ലഭിച്ചു. വേള്‍ഡ് എസ്ബികെയില്‍ തുടര്‍ച്ചയായി ആറ് തവണ വിജയിച്ച കവസാക്കി റേസിംഗ് ടീമിനോടുള്ള ആദരമായി മോട്ടോര്‍സൈക്കിളില്‍ ‘കവസാക്കി റിവര്‍ മാര്‍ക്ക്’ എംബ്ലം നല്‍കി.