പുതിയ ജാഗ്വാര്‍ എഫ് പേസ് ബുക്കിംഗ് ആരംഭിച്ചു
മെയ് മാസത്തില്‍ ഡെലിവറി തുടങ്ങും
മുംബൈ: 2021 ജാഗ്വാര്‍ എഫ് പേസ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കും. ഫേസ്‌ലിഫ്റ്റ് ചെയ്ത എഫ് പേസ് എസ്‌യുവിയാണ് ഇന്ത്യയില്‍ വരുന്നത്. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, പുതുക്കിയ കാബിന്‍, കണക്റ്റഡ് കാര്‍ ടെക്, 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് പുതിയ ജാഗ്വാര്‍ എഫ് പേസ് വരുന്നത്. ഇതാദ്യമായി രണ്ട് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളിലും ആര്‍ ഡൈനാമിക് എസ് വേരിയന്റ് ലഭിക്കും.
കാഴ്ച്ചയില്‍, പഴയ സിംഗിള്‍ ‘എല്‍’ ആകൃതിയുള്ളതിന് പകരം 2021 ജാഗ്വാര്‍ എഫ് പേസിന് ഇരട്ട ‘ജെ’ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ലഭിച്ചു. ഗ്രില്‍ ഡിസൈന്‍ ചെറുതായി പരിഷ്‌കരിച്ചു. മുന്നിലെയും പിന്നിലെയും ബംപറില്‍ ചെറിയ മാറ്റം വരുത്തി. എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ കുറേക്കൂടി സ്ലീക്ക് ആണ്. ആകെ രൂപകല്‍പ്പനയില്‍ ഇപ്പോള്‍ മോഡേണ്‍ ലുക്ക് കാണാം.
ഓള്‍ ഡിജിറ്റല്‍ കോക്പിറ്റ് നല്‍കി കാബിന്‍ പൂര്‍ണമായി നവീകരിച്ചു. കറുത്ത മഗ്നീഷ്യം അലോയ് കേസിംഗ് സഹിതം 11.4 ഇഞ്ച് കര്‍വ്ഡ് ഗ്ലാസ് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ‘പിവി പ്രോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. പുതിയ ഡ്രൈവ് സെലക്റ്റര്‍, മസാജ് ഫംഗ്ഷനുകള്‍ സഹിതം പുതിയ സീറ്റുകള്‍, എയര്‍ പ്യുരിഫൈര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ജാഗ്വാര്‍ എഫ് പേസ് ലഭിക്കും. 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. എല്ലാ വേരിയന്റുകള്‍ക്കും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും. ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡായി നല്‍കും.