2020-21 കോര്‍പ്പറേറ്റ് നികുതിയില്‍ 6% ഇടിവ്, വ്യക്തിഗത നികുതിയില്‍ 2.2% വര്‍ധന
1 min readന്യൂഡെല്‍ഹി: സാമ്പത്തിക വീണ്ടെടുക്കല്‍ സംബന്ധിച്ച വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, വ്യക്തിഗത ആദായനികുതി (റീഫണ്ടുകള്‍ ഉള്‍പ്പെടെ) ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും ആദായ നികുതിദായകരുടെ വരുമാനം മെച്ചപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍, കോര്‍പ്പറേഷന്‍ നികുതി 2020-21ല്‍ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം പ്രത്യക്ഷ നികുതി പിരിവും രണ്ട് ശതമാനം ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്.
റെക്കോര്‍ഡ് റീഫണ്ടുകള്‍ കാരണം, അറ്റ പ്രത്യക്ഷ നികുതി പിരിവ് 8 ശതമാനത്തിനടുത്ത് ഇടിഞ്ഞ് 9.5 ട്രില്യണ്‍ ആയി. എന്നിട്ടും മൊത്തത്തിലുള്ള കണക്ക് പുതുക്കിയ എസ്റ്റിമേറ്റിനെ (9.05 ട്രില്യണ്‍ രൂപ) മറികടന്നിട്ടുണ്ട്. നാലുവര്‍ഷത്തിനിടെ ആദ്യമായാണ് പുതുക്കിയ എസ്റ്റിമേറ്റിനു മുകളില്‍ സമാഹരണം സാധ്യമായിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് താല്‍ക്കാലിക നമ്പറുകള്‍ മാത്രമാണ്, അന്തിമ ഡാറ്റ ഇനിയും ലഭിച്ചിട്ടില്ല.
ജിഎസ്ടി സമാഹരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ 1 ലക്ഷം കോടിക്കു മുകളില്‍ സ്ഥിരതയില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ 1.23 ലക്ഷം കോടി രൂപയ്ക്കു മുകളിലുള്ള ജിഎസ്ടി സമാഹരണം നടന്നുവെന്നാണ് കണക്കാക്കുന്നത്. ജിഎസ്ടി നികുതി സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ സമാഹരണമാണിത്.