2020-21ല്‍ നടപ്പാക്കിയത് 12,205 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണം
1 min readന്യൂഡെല്‍ഹി: മാര്‍ച്ച് 22 വരെയുള്ള കണക്ക്പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് 12,205.25 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണ്. ഒരു ദിവസം ശരാശരി 34 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണമാണ് 2020-21ല്‍ നടന്നതെന്ന് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. 2014-15 ല്‍ പ്രതിദിനം 12 കിലോമീറ്റര്‍ എന്ന നിരക്കില്‍ ദേശീയപാത നിര്‍മാണം നടന്നിരുന്നതില്‍ നിന്ന് ഏതാണ് മൂന്നിരട്ടി വര്‍ധനയിലേക്ക് എത്തിയിരിക്കുന്നുവെന്ന് മന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണമാണ് ലക്ഷ്യംവെച്ചിരുന്നത്. മാര്‍ച്ച് ആദ്യത്തില്‍ തന്നെ ഇത് മറികടക്കാനായി. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ കുറച്ച് മാസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയെന്നതിനാല്‍ ഈ നേട്ടം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
2018-19ലെ 10,855 കിലോമീറ്റര്‍ നിര്‍മാണമാണ് ദേശീയപാതാ നിര്‍മാണത്തിലെ ഇതുവരെ നേടിയ ഏറ്റവും മികച്ച നേട്ടം. അന്ന് പ്രതിദിനം ശരാശരി 29.73 കിലോമീറ്റര്‍ നിര്‍മാണം രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു മാസം ശേഷിക്കുന്നതിനാല്‍ നേട്ടം ഇനിയും കൂടുതല്‍ മികച്ചതായിരിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.