10 മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകള്‍ തുറന്നു
സംസ്ഥാനത്ത് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിജയ് ചിത്രം മാസ്റ്ററിന്‍റെ പ്രദര്‍ശനത്തോടെയാണ് ഇന്ന് കൊറോണ ലോക്ക്ഡൌണിന് ശേഷം തിയറ്ററുകള്‍ തുറക്കുന്നത്. 350ല്‍ അധികം സ്ക്രീനുകളാണ് മാസ്റ്ററിന് നിശ്ചയിച്ചിരുന്നത് എങ്കിലും മറ്റ് ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റു സ്ക്രീനുകളിലും ആദ്യ ദിവസങ്ങളില്‍ മാസ്റ്റര്‍ ഉണ്ടാകും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ ഏറക്കുറേ വിറ്റഴിഞ്ഞിട്ടുണ്ട്. 50 % സീറ്റുകളിലാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. തിയറ്ററുകളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കുകയും സാനിറ്റൈസര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
രാവിലെ 9.00 മണിക്ക് തുടങ്ങിയ ഷോകള്‍ക്ക് വിജയ് ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 മാസത്തോളം തിയറ്ററുകളില്‍ നിന്ന് വിട്ടുനിന്ന സാധാരണ പ്രേക്ഷകരും വീണ്ടും തിയറ്ററുകള്‍ തുറന്നതിന്‍റെ സന്താഷത്തിലാണ്. മാര്‍ച്ച് വരെയുള്ള നികുതി ഒഴിവാക്കിയും അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതി ചാര്‍ജ്ജ് പകുതിയാക്കിയും ലൈസന്‍സുകള്‍ പുതുക്കാന്‍ കാലാവധി നീട്ടി നല്‍കിയും സംസ്ഥാന സര്‍ക്കാരും തിയറ്ററുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.