ജിഎസ്‍ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങള്‍ക്ക് മൊത്തം 6000 കോടി രൂപ കൈമാറി
1 min readജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായ 11-ാമത് പ്രതിവാര ഗഡുവായി 6,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് നൽകി. ഇതിൽ 23 സംസ്ഥാനങ്ങളിലേക്കായി 5,516.60 കോടി രൂപയും നിയമസഭയുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് (യുടി) 483.40 കോടി രൂപയും നല്‍കി. ബാക്കിയുള്ള 5 സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ജിഎസ്ടി നടപ്പാക്കിയതിന്‍റെ ഭാഗമായി വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് കണക്കാക്കുന്നത്. നിലവില്‍ കണക്കാക്കിയിട്ടുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശികയുടെ 60 ശതമാനവും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി വരുമാനത്തിൽ ഉണ്ടായ 1.10 ലക്ഷം കോടി രൂപയുടെ കുറവ് നികത്താന്‍ കേന്ദ്രം 2020 ഒക്ടോബറിൽ പ്രത്യേക വായ്പാ ജാലകം അവതരിപ്പിച്ചിരുന്നു.