കൊറോണ വൈറസ്:വുഹാനിലെ 76 ശതമാനം രോഗമുക്തർ ഇപ്പോഴും രോഗലക്ഷണങ്ങൾ കാണിക്കുന്നു
1 min readവുഹാൻ: ലോകത്ത് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനിൽ നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 76 ശതമാനം രോഗികളും ആറുമാസങ്ങൾക്ക് ശേഷം ഇപ്പോഴും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം. ഇവരിൽത്തന്നെ സത്രീകളിലാണ് ഏറ്റവും കൂടുതൽ രോഗലക്ഷണങ്ങൾ കാണുന്നതെന്നും പഠനം പറയുന്നു.
കഴിഞ്ഞ വർഷം ജനുവരിക്കും മേയിനും ഇടയിൽ രോഗബാധിതരായി വുഹാനിലെ ജിൻയിന്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,733 രോഗികളിലായി നടത്തിയ പഠനം കോവിഡ്-19 രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ സംബന്ധിച്ച ചുരുക്കം ചില പഠനങ്ങളിലൊന്നാണ്. ഗുരുതരമായി രോഗം ബാധിച്ച് രോഗമുക്തി നേടി ആറുമാസങ്ങൾക്ക് ശേഷവും ഇവരിൽ ക്ഷീണം, പേശീക്ഷയം, ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുവെന്ന റിപ്പോർട്ടാണ് ലാൻസെറ്റ് പങ്കുവെക്കുന്നത്. കോവിഡ്-19 ഒരു പുതിയ രോഗമായതിനാൽ തന്നെ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ നാം മനസിലാക്കാൻ തുടങ്ങുന്നതേയുള്ളുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ നാഷണൽ സെന്റർ ഫോർ റെസ്പിരേറ്ററി മെഡിസിനിലെ ബിൻ കാവോ വ്യക്തമാക്കി.
രോഗമുക്തരായി ആശുപത്രി വിട്ടവർക്ക്, പ്രത്യേകിച്ച് രോഗം ഗുരുതരമായി ബാധിച്ചവർക്ക് പിന്നീടും മതിയായ പരിചരണവും വിശ്രമവും ആവശ്യമാണെന്ന പുതിയ വിവരമാണ് പഠനം നൽകുന്നത്. മാത്രമല്ല, കോവിഡ്-19ന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അറിയുന്നതിനായി രോഗമുക്തരായവരിൽ കുറേ കാലത്തേക്ക് തുടർ പരിശോധനകൾ നടത്തണമെന്നും പഠനം പറയുന്നു.