October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുബായിലെ ബിസിനസ് സാഹചര്യങ്ങള്‍ പതിനെട്ട് മാസത്തെ ഉയരത്തില്‍

1 min read

ഉല്‍പ്പാദനം കുത്തനെ ഉയരുകയും പുതിയ ബിസിനസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ ദുബായില്‍ ബിസിനസ് വികാരം ശക്തിപ്പെട്ടിരിക്കുകയാണ്, ഇത് പിഎംഐയിലും പ്രതിഫലിച്ചിട്ടുണ്ട്

ദുബായ്: ദുബായിലെ എണ്ണയിതര സ്വകാര്യ മേഖല സമ്പദ് വ്യവസ്ഥയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എപ്രിലിലും നില മെച്ചപ്പെടുത്തി. ഒന്നര വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ബിസിനസ് സാഹചര്യമാണ് ഏപ്രിലില്‍ ദുബായില്‍ രേഖപ്പെടുത്തിയത്. കോവിഡ്-19 വാക്‌സിനേഷന്‍ യജ്ഞം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ ഉല്‍പ്പാദനം കുത്തനം ഉയര്‍ന്നതും പുതിയ ബിസിനസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതുമാണ് എമിറേറ്റിലെ ബിസിനസ് സാഹചര്യം മെച്ചപ്പെടാനുള്ള പ്രധാന കാരണങ്ങള്‍.

ഏപ്രിലില്‍ ദുബായുടെ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) 53.5 ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ 51 ആയിരുന്നു ദുബായുടെ പിഎംഐ. 2019 നവംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പിഎംഐ ആണ് ഏപ്രിലിലേത്. സമ്പദ് വ്യവസ്ഥ കോവിഡിന് മുമ്പുള്ള വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനയാണ് പിഎംഐയിലുള്ള വര്‍ധനവ് വ്യക്തമാക്കുന്നത്.

രണ്ടാംപാദത്തിന്റെ തുടക്കത്തില്‍ പുതിയ ഓര്‍ഡറുകളിലുണ്ടായ വര്‍ധനയാണ്  സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായത്. ഒന്നരവര്‍ഷത്തിനിടെ വില്‍പ്പന കുതിച്ചുയര്‍ന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാത്രമല്ല യാത്ര, ടൂറിസം മേഖലയുടെ വളര്‍ച്ചയും എപ്രിലിലെ വളര്‍ച്ചയ്ക്ക് കരുത്തേകി. ആ വര്‍ഷം ആദ്യമായി കമ്പനികള്‍ പുതിയ ബിസിനസുകളില്‍ വര്‍ധന രേഖപ്പെടുത്തിയത് ഏപ്രിലിലാണ്. 2019 അവസാനത്തിന് ശേഷം ബിസിനസ് മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ വളര്‍ച്ച നിരക്കാണ് ഇതെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റ് സര്‍വ്വേ വ്യക്തമാക്കുന്നു. കെട്ടിട നിര്‍മാണം, മൊത്ത, ചില്ലറ  മേഖലകള്‍ തുടങ്ങി ദുബായ് സമ്പദ് വ്യവസ്ഥയുടെ മറ്റ് പ്രധാന മേഖലകളിലും വളര്‍ച്ച പ്രകടമായി.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്

ട്രാവല്‍, ടൂറിസം മേഖലകള്‍ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച മാസമായിരുന്നു എപ്രില്‍ എന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവെന്‍ അഭിപ്രായപ്പെട്ടു. വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വര്‍ഷാവസാനത്തോടെ ടൂറിസം ആക്ടിവിറ്റിയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ബിസിനസ് ആത്മവിശ്വാസം ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ശക്തിപ്പെട്ടതോടെ, പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് സമ്പദ് വ്യവസ്ഥ എത്തുമെന്ന പ്രതീക്ഷ ബലപ്പെടുകയാണ്. ഉല്‍പ്പാദനത്തിലുള്ള വര്‍ധനവും പുതിയ ഓര്‍ഡറുകളും ഇത് തന്നെയാണ് ശരിവെക്കുന്നതെന്നും ഓവെന്‍ പറഞ്ഞു.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

തുടര്‍ച്ചയായ നാലാംതവണയാണ് ദുബായിലെ എണ്ണയിതര സ്വകാര്യ മേഖല സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ദുബായും യുഎഇയിലെ മറ്റ് എമിറേറ്റുകളും കോവിഡ്-19നെതിരായ വാക്‌സിനേഷന്‍ പരിപാടികള്‍ തുടരുമെന്നതിനാല്‍ സമ്പദ് വ്യവസ്ഥയില്‍ പകര്‍ച്ചവ്യാധി ഏല്‍പ്പിച്ച ആഘാതം അടുത്ത വര്‍ഷത്തോടെ കുറയുമെന്ന ശുഭപ്രതീക്ഷയാണ് എണ്ണയിതര സ്വകാര്യ മേഖല സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്. ലോകത്ത് ഇതുവരെ 1.29 ബില്യണ്‍ ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്. യുഎഇ ഏതാണ്ട് 11.1 മില്യണ്‍ വാക്‌സിന്‍ വിതരണം ചെയ്തു. ബ്ലൂംബര്‍ഗിന്റെ വാക്‌സിന്‍ ട്രാക്കര്‍ പ്രകാരം, യുഎഇ ജനസംഖ്യയുടെ ഏതാണ്ട് 52 ശതമാനത്തോളം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ പര്യാപ്തമാണിത്.

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ വ്യാപകമാക്കിയതും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുമാണ് രോഗനിരക്ക് കുറയ്ക്കുന്നതില്‍ യുഎഇക്ക് നേട്ടമായത്. ഞായറാഴ്ച യുഎഇയില്‍ 1,572 പുതിയ കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിത്. മുന്‍വര്‍ഷം ഇതേ സമയത്ത് നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്.

  ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നു

കൊറോണ വൈറസ് പകര്‍ച്ചവ്യാധി സമ്പദ് വ്യവസ്ഥയിലും ബിസിനസുകളിലും വ്യക്തികളിലുമുണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനായി പശ്ചിമേഷ്യയുടെ വാണിജ്യ, ടൂറിസം ഹബ്ബായ ദുബായ് ഇതുവരെ 7.1 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന ഇത്തേജദന പാക്കേജാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം ദുബായ് സമ്പദ് വ്യവസ്ഥ നാല് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രവചിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാംമാസവും ഏപ്രിലില്‍ എമിറേറ്റിലെ എണ്ണയിതര സ്വകാര്യ കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ പിഎംഐ വ്യക്തമാക്കുന്നത്. 2020 ജൂലൈക്ക് ശേഷം ഉല്‍പ്പാദന വളര്‍ച്ച വേഗത്തിലായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ സ്വകാര്യ മേഖല ജീവനക്കാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് തൊഴില്‍ നിയമനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതോടെ ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നടത്തിയത്.

Maintained By : Studio3