കേരളാ മലയോര ഹൈവേ പദ്ധതിയുടെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു.
1 min readതിരുവനന്തപുരം: കേരളാ മലയോര ഹൈവേ പദ്ധതിയുടെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു.കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഹൈവേ. ഇതിന്‍റെ ഭാഗമായ ഭാഗമായ പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള 46.1 കിലോമീറ്റര്‍ പാതയാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്. 201.67 കോടി രൂപയാണ് ഈ റോഡിന്‍റെ നിര്‍മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഹൈവേയുടെ തുടക്കമായ നന്ദാരപ്പദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗവും, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗവും കഴിഞ്ഞ ദിവസം തുറന്നിരുന്നു.
സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി പ്രത്യേകമായ ഇന്‍റര്‍ലോക്ക് ടൈല്‍ ചെയ്ത നടപ്പാതകള്‍, കോണ്‍ക്രീറ്റ് ഓടകള്‍, കലുങ്കുകള്‍, യൂട്ടിലിറ്റി ക്രോസ്സ് ഡെക്റ്റുകള്‍ എന്നിവയെല്ലാം ഈ റോഡിന്‍റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. പൊതു ഗതാഗതം ഉപയോഗപ്പെടുത്തുന്നവര്‍ക്കായി 40ഓളം ബസ് ഷെല്‍ട്ടറുകളും, വാഹനയാത്രക്കാര്‍ക്കായി ഒരു വേ സൈഡ് അമിനിറ്റി സെന്‍ററും അനുബന്ധമായി ഉണ്ട്. 3500 കോടി രൂപയാണ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കുന്ന കേരളാ മലയോര ഹൈവേ പദ്ധതിയുടെ പ്രതീക്ഷിക്കപ്പെടുന്ന ചെലവ്.
കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള റോഡും ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്. 176 കോടി രൂപ ചെലവിട്ടാണ് നാലുവരിപ്പാതയായി 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നിര്‍മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ഈ റോഡില്‍ നിത്യവും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. വളവുകള്‍ നിവര്‍ത്തിയും പ്രാവച്ചമ്പലം, പള്ളിച്ചല്‍, വെടിവച്ചാന്‍കോവില്‍, മുടവൂര്‍പ്പാറ എന്നിവിടങ്ങളില്‍ സിഗ്നലുകള്‍ സ്ഥാപിച്ചും, ചില സ്ഥലങ്ങളില്‍ ഉയരം വര്‍ധിപ്പിച്ചുമാണ് ഈ നിര്‍മാണം സാധ്യമാക്കിയിരിക്കുന്നത്.