സെബ്രോണിക്‌സ് സെബ് സ്മാര്‍ട്ട് ബോട്ട് പുറത്തിറക്കി
ഇന്ത്യന്‍ ഓഡിയോ ഉപകരണ നിര്‍മാതാക്കളുടെ ആദ്യ സ്മാര്‍ട്ട് സ്പീക്കറാണ് സെബ് സ്മാര്‍ട്ട് ബോട്ട്
അലക്‌സ സപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ശബ്ദം ഉപയോഗിച്ച് സ്മാര്‍ട്ട് സ്പീക്കര്‍ വഴി വീട്ടിലെ വിവിധ സ്മാര്‍ട്ട് ഡിവൈസുകള്‍ നിയന്ത്രിക്കാന്‍ കഴിയും. 360 ഡിഗ്രി ഐആര്‍ ബ്ലാസ്റ്ററിന് നന്ദി പറയാം. എയര്‍ കണ്ടീഷണര്‍ പോലുള്ള നോണ്‍ സ്മാര്‍ട്ട് ഡിവൈസുകളും നിയന്ത്രിക്കാന്‍ കഴിയും. മികച്ച രീതിയില്‍ ശബ്ദം പിടിച്ചെടുക്കുന്നതിന് ഇരട്ട ഫാര്‍ ഫീല്‍ഡ് മൈക്രോഫോണ്‍ നല്‍കിയിരിക്കുന്നു. രൂപകല്‍പ്പന ലളിതമാണ്. മീഡിയ, വോള്യം കണ്‍ട്രോളുകള്‍ നല്‍കിയിരിക്കുന്നത് മുകളിലാണ്. സെബ് ഹോം, ആമസോണ്‍ അലക്‌സ ആപ്പുകള്‍ വഴി ഇന്റര്‍നെറ്റുമായും സെബ് സ്മാര്‍ട്ട് ബോട്ട് കണക്റ്റ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സെബ് ഹോം ആപ്പ് ലഭ്യമാണ്.
5 വാട്ട് (ആര്‍എംഎസ്) ഔട്ട്പുട്ട് ലഭിക്കുന്നതാണ് സ്മാര്‍ട്ട് സ്പീക്കര്‍. വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 4.2 കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലഭിക്കും. 150 ഹെര്‍ട്‌സ് മുതല്‍ 20 കിലോഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. 388 ഗ്രാമാണ് ഭാരം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് മൈക്രോഫോണ്‍ ഓഫ് ബട്ടണ്‍ നല്‍കിയിരിക്കുന്നു.