യൂട്യൂബ് നീക്കം ചെയ്തത് മുപ്പതിനായിരത്തോളം വീഡിയോകള്‍
കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇത്രയും വീഡിയോകളെ യൂട്യൂബ് പടിക്കുപുറത്താക്കിയത്
സാന്‍ ഫ്രാന്‍സിസ്‌കോ: കൊവിഡ് 19 വാക്‌സിനുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ച മുപ്പതിനായിരത്തോളം വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇത്രയും വീഡിയോകളെ വീഡിയോ ഷെയറിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പടിക്കുപുറത്താക്കിയത്. കൊവിഡ് 19 സംബന്ധിച്ച തെറ്റായ അവകാശവാദങ്ങളെ നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് നടപടി.
മാത്രമല്ല, കൊവിഡ് 19 സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച എട്ട് ലക്ഷത്തിലധികം വീഡിയോകള്‍ 2020 ഫെബ്രുവരി മുതല്‍ യൂട്യൂബ് നീക്കം ചെയ്തതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂട്യൂബിന്റെ എഐ (നിര്‍മിത ബുദ്ധി) സംവിധാനങ്ങളോ മനുഷ്യരോ ആണ് ഇത്തരം വീഡിയോകള്‍ ആദ്യം ഫ്‌ളാഗ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബ് മറ്റൊരു പരിശോധന നടത്തും.
യൂട്യൂബിന്റെ ചട്ടങ്ങള്‍ അനുസരിച്ചുള്ള വാക്‌സിന്‍ നയം ലംഘിച്ച വീഡിയോകളാണ് നടപടി നേരിട്ടത്. വാക്‌സിനുകള്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെ വിദഗ്ധാഭിപ്രായത്തിന് വിരുദ്ധമായ ഉള്ളടക്കങ്ങളാണ് ഈ വീഡിയോകള്‍ പങ്കുവെച്ചത്.
ഇത്തരം ഉള്ളടക്കങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിന് ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളും നയങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈയിടെ, കൊവിഡ് 19 വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകള്‍ക്കെതിരെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരുന്നു. കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നശേഷം, ലോകമാകെ 8,400 ലധികം ട്വീറ്റുകള്‍ നീക്കം ചെയ്തതായും 11.5 മില്യണ്‍ എക്കൗണ്ടുകള്‍ക്ക് തടയിട്ടതായും ട്വിറ്റര്‍ അറിയിച്ചു.