പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്‌യുവി ഔഡി ഇ ട്രോണ്‍, ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് പ്രീ ബുക്കിംഗ് ആരംഭിച്ചു
അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. ജൂലൈ 22 ന് രണ്ട് ഓള്‍ ന്യൂ മോഡലുകളും അവതരിപ്പിക്കും
മുംബൈ: ഇന്ത്യയില്‍ ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്‌യുവികളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. ജൂലൈ 22 ന് രണ്ട് ഓള്‍ ന്യൂ മോഡലുകളും അവതരിപ്പിക്കും. മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി, ജാഗ്വാര്‍ ഐ പേസ് എന്നിവയാണ് എതിരാളികള്‍. വളരെ നേരത്തെ ഇന്ത്യയില്‍ വരേണ്ട ആഡംബര ഇലക്ട്രിക് കാറായിരുന്നു ഔഡി ഇ ട്രോണ്‍. കൊവിഡ് 19 മഹാമാരിയാണ് കാലതാമസത്തിന് കാരണമായത്.
എസ്‌യുവി, സ്‌പോര്‍ട്ട്ബാക്ക് എന്നീ രണ്ട് ബോഡി സ്‌റ്റൈലുകളില്‍ ഓള്‍ ന്യൂ ഔഡി ഇ ട്രോണ്‍ ലഭിക്കും. രണ്ട് വകഭേദങ്ങളും പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്. വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ലഭിച്ചു. സ്റ്റാന്‍ഡേഡ് മോഡലിന് നല്‍കിയത് സാധാരണ റൂഫ്‌ലൈന്‍ ആണെങ്കില്‍ സ്‌പോര്‍ട്ട്ബാക്ക് വകഭേദത്തിന് കൂപ്പെ സമാനമായ റൂഫ്‌ലൈന്‍ ലഭിച്ചു. പിറകിലെ റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ചു. ഡുവല്‍ ടോണ്‍ ട്രീറ്റ്‌മെന്റ് ലഭിച്ചതാണ് ബംപര്‍. ഈ ഡുവല്‍ ടോണ്‍ ട്രീറ്റ്‌മെന്റ് അലോയ് വീല്‍ ഡിസൈനിലും കാണാം. കാബിനില്‍ പ്രീമിയം ഫീല്‍ ലഭിക്കും. 10.1 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ ഫീച്ചറുകളാണ്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ഇ ട്രോണ്‍ ഉപയോഗിക്കുന്നത്. ആകെ 265 കിലോവാട്ട് അഥവാ 355 ബിഎച്ച്പി കരുത്തും 561 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബൂസ്റ്റ് മോഡില്‍ ഇത് 300 കിലോവാട്ട് (408 ബിഎച്ച്പി), 664 എന്‍എം എന്നിങ്ങനെ വര്‍ധിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ടോപ് സ്പീഡ്. മൂന്നക്ക വേഗം കൈവരിക്കുന്നതിന് ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് വകഭേദത്തിന് 5.7 സെക്കന്‍ഡ് മതി. സിംഗിള്‍ ചാര്‍ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് ഔഡി അവകാശപ്പെടുന്നു. 95 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്.