മഹീന്ദ്രയില്‍നിന്ന് എസ്‌യുവി കൂപ്പെ വരുന്നു
2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റ് ആയിരിക്കും കമ്പനിയുടെ ആദ്യ എസ്‌യുവി കൂപ്പെ ആയി വിപണിയിലെത്തുന്നത്
മുംബൈ: മഹീന്ദ്ര എക്‌സ്‌യുവി 100, എക്‌സ്‌യുവി 700, എക്‌സ്‌യുവി 900 തുടങ്ങിയ പേരുകള്‍ക്ക് കമ്പനി നേരത്തെ പാറ്റന്റ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ, മഹീന്ദ്ര ഇതാദ്യമായി എസ്‌യുവി കൂപ്പെയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റ് ആയിരിക്കും കമ്പനിയുടെ ആദ്യ എസ്‌യുവി കൂപ്പെ ആയി വിപണിയിലെത്തുന്നത്. നിലവില്‍ ഡബ്ല്യു620 എന്ന കോഡ്‌നാമം നല്‍കിയിരിക്കുന്ന എസ്‌യുവി കൂപ്പെ വിപണിയിലെത്തുന്നത് എക്‌സ്‌യുവി 900 പേരിലായിരിക്കും. ഇരുപത് ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കാം. രണ്ടായിരത്തോളം യൂണിറ്റ് വില്‍ക്കുകയാണ് ലക്ഷ്യം.
വിപണി വിടാനൊരുങ്ങുന്ന എക്‌സ്‌യുവി 500 മോഡലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റ്. എന്നാല്‍ വരാനിരിക്കുന്ന മഹീന്ദ്ര എക്‌സ്‌യുവി 700 എന്ന 7 സീറ്റര്‍ എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോം, മെക്കാനിക്‌സ് എന്നിവ ഉപയോഗിക്കുന്നതായിരിക്കും മഹീന്ദ്ര എക്‌സ്‌യുവി 900 എന്ന 4 ഡോര്‍ എസ്‌യുവി കൂപ്പെ. 7 സീറ്റര്‍ എസ്‌യുവിയുടെ മുന്നിലെ ഫെന്‍ഡറുകള്‍, ഹുഡ്, മുന്നിലെ ഡോറുകള്‍ എന്നിവ എസ്‌യുവി കൂപ്പെയില്‍ കാണാന്‍ കഴിയും. എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റില്‍ സൂയിസൈഡ് ഡോറുകളാണ് നല്‍കിയിരുന്നതെങ്കില്‍ എക്‌സ്‌യുവി 900 ഈ ഡോറുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. എക്‌സ്‌യുവി 700 എസ്‌യുവിയുടെ ഫീച്ചറുകളും ഡാഷ്‌ബോര്‍ഡ് ലേഔട്ടും കാബിനില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവിയുടെ മുകളിലായിരിക്കും എക്‌സ്‌യുവി 900 എസ്‌യുവി കൂപ്പെയുടെ സ്ഥാനം. കൂടുതല്‍ പ്രീമിയം കാബിന്‍, നിരവധി സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന എക്‌സ്‌യുവി 700 ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ എസ്‌യുവി കൂപ്പെയില്‍ നല്‍കും. 2.0 ലിറ്റര്‍ എംസ്റ്റാലിയോണ്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
നിലവില്‍ പ്രാരംഭഘട്ടത്തിലാണ് മഹീന്ദ്ര എക്‌സ്‌യുവി 900 അഥവാ ഡബ്ല്യു620. 2024 ന് മുമ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല. മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈന്‍ യൂറോപ്പ് സ്റ്റുഡിയോയില്‍ ആയിരിക്കും പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്യുന്നത്.