ലോക ആയുര്‍വേദ കോണ്‍ഗ്രസ് ഡെറാഡൂണില്‍
1 min read
തിരുവനന്തപുരം: പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് വ്യാഴാഴ്ച ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനമായ ഡെറാഡൂണില്‍ നടക്കും. ആഗോള ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്‍റെ ഉജ്ജ്വലമായ തിരിച്ചുവരവ് നടക്കുന്ന വേളയിലാണ് നാല് ദിവസത്തെ ലോക ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത്. ‘ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്‍റെ കാഴ്ചപ്പാടില്‍’ എന്നതാണ് പത്താമത് ലക്കത്തിന്‍റെ പ്രമേയം. ആധുനിക സാങ്കേതിക വിദ്യയെ ആയുര്‍വേദ ഗവേഷണങ്ങളിലും മരുന്ന് നിര്‍മ്മാണത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ ഗൗരവമേറിയ ചര്‍ച്ചകളും നാലുദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഗോള സമ്മേളനത്തില്‍ നടക്കും. ആയുര്‍വേദ ചികിത്സകര്‍, ഗവേഷകര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപക-വിദ്യാര്‍ത്ഥി സമൂഹം തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമഗ്ര സമ്മേളനമാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസ്. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷനാണ് 2002 മുതല്‍ സമ്മേളനം സംഘടിപ്പിച്ചു വരുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഹിമവാന്‍റെ പാദസ്പര്‍ശം ഏല്‍ക്കുന്ന ഉത്തരാഖണ്ഡില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതില്‍ അഭിമാനം ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. പ്രഗ്യാഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡ് പൗരാണിക കാലം മുതല്‍ക്കേ യോഗയുടെയും ആയുഷിന്‍റെയും വിളനിലമാണ്. ശുദ്ധവും ഫലഭൂയിഷ്ടവുമായ ഉത്തരാഖണ്ഡിന്‍റെ ഭൂമി ഔഷധസസ്യങ്ങളാല്‍ സമ്പന്നമാണ്. ആഴത്തിലുള്ള ഗവേഷണവും പരീക്ഷണങ്ങളും നടത്താന്‍ മഹര്‍ഷിമാരെ പ്രേരിപ്പിച്ചതും ഇതു തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ചികിത്സാരീതികളില്‍ ഇന്നുണ്ടായിരിക്കുന്ന ഡിജിറ്റല്‍വത്കരണം എങ്ങനെ ആയുര്‍വേദവുമായി സമന്വയിപ്പിക്കാം എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ആയുര്‍വേദ എന്ന പ്രമേയം ഉരുത്തിരിഞ്ഞു വന്നതെന്ന് വിജ്ഞാന്‍ ഭാരതി പ്രസിഡന്‍റ് ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു. നിര്‍മ്മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യകള്‍ എങ്ങനെ ആയുര്‍വേദവുമായി ചേര്‍ക്കാമെന്ന് പരിശോധിക്കും. 54 രാജ്യങ്ങളിലെന്നായി 5500ലധികം പ്രതിനിധികളാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 350 പേര്‍ വിദേശത്തു നിന്നാണ്. രാജ്യത്തെ ആയുര്‍വേദ മേഖലയുടെ സമ്പൂര്‍ണ്ണമായ പങ്കാളിത്തവും ഇതിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 150 ഓളം ശാസ്ത്ര സെഷനുകള്‍, ഗുരു-ശിഷ്യ സമാഗമം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സെഷന്‍. ആരോഗ്യമന്ത്രിമാരുടെ സമ്മേളനം, രാജ്യാന്തരതലത്തിലുള്ള വിദഗ്ധരുടെ പ്രത്യേക ക്ലാസുകള്‍, നിക്ഷേപക സംഗമം തുടങ്ങിയവയും ലോക ആയുര്‍വേദ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആതിഥേയരായ ഉത്തരാഖണ്ഡിനെ കൂടാതെ ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും സമ്മേളനത്തിന്‍റെ പങ്കാളികളാണ്. ഇതിനു പുറമേ രാജ്യത്തെ പ്രമുഖ ആയുര്‍വേദ സര്‍വകലാശാലകളും ലോക ആയുര്‍വേദ കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ ആയുര്‍ എക്സ്പോയും കോണ്‍ഗ്രസില്‍ ഉണ്ടാകും. 350 ലധികം ഉള്ള സ്റ്റാളുകളില്‍ ഒന്നരലക്ഷത്തോളം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.