വാക്‌സിന്‍ എടുത്തിട്ടും കോവിഡ്-19 പിടിപെടുന്നത് എന്തുകൊണ്ട്..
1 min readവാക്‌സിന്‍ എടുത്ത് ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ കോവിഡ്-19 പിടിപെടുക! ആളുകള്‍ പലപ്പോഴും ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും കാര്യമാണിത്. വാക്‌സിന്‍ എടുക്കുന്നതിലൂടെ രോഗം വരാതിരിക്കാനുള്ള സാധ്യത പൂര്‍ണമായും അടയ്ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിന് വാക്‌സിന്‍ എടുക്കണമെന്ന സംശയവും പലര്‍ക്കുമുണ്ട്.
പക്ഷേ ഇത്തരം ചിന്തകള്‍ അനാവശ്യമാണ്. ഒരു വാക്‌സിനും മരുന്നും രോഗത്തിനെതിരെ 100 ശതമാനം ഫലപ്രാപ്തി ഉറപ്പ് നല്‍കുന്നവയല്ല. എന്നാല്‍ ചില കോവിഡ് വാക്‌സിനുകള്‍ വളരെ മികച്ച ഫലപ്രാപ്തി നല്‍കുന്നുവെന്നതാണ് ആശ്വാസകരമായ വസ്തുത. ലക്ഷണങ്ങള്‍ ഉള്ള കോവിഡ്-19നെതിരെ 97 ശതമാനവും ലക്ഷണങ്ങള്‍ ഇല്ലാത്തവയ്‌ക്കെതിരെ 86 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട തരത്തിലുള്ള രോഗബാധയ്‌ക്കെതിരെ 94 ശതമാനവും ഫലപ്രാപ്തിയും ഉള്ളവയാണ് കോവിഡ് വാക്‌സിനുകളെന്ന് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ തന്നെ തെളിയിക്കുന്നു.
ഒരു പകര്‍ച്ചവ്യാധി അവസാനിപ്പിക്കാന്‍ വേണ്ടുന്ന തരത്തിലുള്ള ഫലപ്രാപ്തി നിരക്ക് തന്നെയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷേ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും രോഗബാധിതരാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മരണപ്പെടുകയും ചെയ്യുവന്നവരുണ്ട്. പക്ഷേ അത്തരം കേസുകളെല്ലാം വളരെ അപൂര്‍വ്വമാണ്. ഉദാഹരണത്തിന് വാക്‌സിന്‍ സ്വീകരിച്ച 95 മില്യണ്‍ അമേരിക്കക്കാരില്‍ കേവലം ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം വന്നത്. അത്തരം കേസുകള്‍ അസാധാരണമായി കരുതാനാകില്ല. വൈദ്യശാസ്ത്ര ലോകം അത് പ്രതീക്ഷിക്കുന്നുമുണ്ട്. ദശാബ്ദങ്ങളായി മറ്റ് പല രോഗങ്ങളിലും ലോകം അത് കണ്ടതാണ്.
കോവിഡ്-19 ഓരോ വ്യക്തിയെയും ബാധിക്കുന്നത് വ്യത്യസ്തരീതിയിലാണ് എന്നത് പോലെ വാക്‌സിനോട് ഓരോ വ്യക്തിയും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. മാത്രമല്ല വൈറസിന്റെ ഇന്‍കുബേഷന്‍ പിരിയഡ് അതായത്, വൈറസ് പിടിപെട്ടതിന് ശേഷം ലക്ഷണങ്ങള്‍ കാണിക്കാനെടുക്കുന്ന സയമവും വളരെ പ്രധാനമാണ്. ഓരോ രോഗത്തിനും ഇത് വ്യത്യസ്തതരത്തിലാണ്. കോവിഡ്-19ന് ഇത് ആറ് ദിവസമാണ്. ഇന്‍കുബേഷന്‍ പിരിയഡ് കുറയുന്നതിനനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ശരീരത്തില്‍ വൈറസ് പടരാനുള്ള സാധ്യതയും കൂടും. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം പിടിപെട്ടാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടക്കുകയാണ്. ഇനി വൈറസ് വകഭേദങ്ങളാണോ അത്തരം അപൂര്‍വ്വ കേസുകള്‍ക്ക് കാരണമെന്ന സംശയവും സമൂഹത്തിലുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളെല്ലാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അനാവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.