January 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക സാമ്പത്തിക ഫോറം: ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍

1 min read

തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ല്യുഇഎഫ് )ആഗോള ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍. വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകള്‍ക്കും അനുകൂല ആവാസവ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പവലിയന്‍. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഡബ്ല്യുഇഎഫിലെ കേരളത്തിന്‍റെ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ‘കേരളം- ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം’ എന്നതാണ് പവലിയന്‍റെ പ്രമേയം. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഉത്തരവാദിത്തപരമായ നിക്ഷേപത്തിനും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്കും കേരളം മികച്ചയിടമാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കേരളം നിലനിര്‍ത്തുന്നു. വ്യാവസായിക വികസനത്തില്‍ അതിവേഗം മുന്നേറുന്നയിടമായി സംസ്ഥാനം മാറിയെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത നിക്ഷേപങ്ങളിലാണ് കേരളം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുനരുപയോഗിക്കാനാകുന്ന ഊര്‍ജ്ജം, ഇലക്ട്രോണിക്സ്, ഐടി, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം, ടൂറിസം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ 22 മേഖലകളിലും മറ്റു ചില അനുബന്ധ മേഖലകളിലും ഉത്തരവാദിത്ത നിക്ഷേപത്തിന് സാധ്യതയുണ്ട്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉള്‍പ്പെടെ സാമൂഹിക വികസന സൂചികയിലെ മികച്ച നേട്ടങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ഉറച്ച അടിത്തറയില്‍ കേരളം സാമ്പത്തിക വികസനം കെട്ടിപ്പടുക്കുകയാണ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തുകൊണ്ട് സംസ്ഥാനം അടുത്തിടെ ചരിത്രം സൃഷ്ടിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ യുവജനങ്ങളാണെന്ന് സംസ്ഥാനത്തെ പ്രമുഖ നിക്ഷേപകനായ എം. എ യൂസഫ് അലി പറഞ്ഞു. ആരോഗ്യ സംരക്ഷണം, ധാരാളം നിക്ഷേപസാധ്യതകളുള്ള ആകര്‍ഷകമായ മേഖലകള്‍ എന്നിവയ്ക്ക് പുറമേ ടൂറിസത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, ലോകനേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഒത്തുകൂടുന്ന ഡബ്ല്യുഇഎഫ് കേരളത്തിന്‍റെ വലിയ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ ഉന്നത പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പി. രാജീവ് ഡബ്ല്യുഇഎഫിന്‍റെ തുടക്കദിവസം മുതല്‍ പ്രമുഖ വ്യവസായികളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലുള്ള വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.

  കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3