നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ
കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി വോഡഫോണ്‍ ഐഡിയ നോക്കിയയുടെ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്‍റ് ഡിറ്റക്ഷന്‍ ആന്‍റ് റെസ്പോണ്‍സ് സംവിധാനം ഏര്‍പ്പെടുത്തും. സൈബര്‍ വെല്ലുവിളികള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും എതിരെയുള്ള നെറ്റ്വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനായാണ് ഈ നീക്കം. ടെലികോം മേഖലയ്ക്ക് പ്രത്യേകമായുള്ള സൈബര്‍ വെല്ലുവിളികള്‍ നേരിടാനുളള സംവിധാനമായ നെറ്റ്ഗാര്‍ഡ് ഇഡിആര്‍ വോഡഫോണ്‍ ഐഡിയയ്ക്ക് തല്‍സമയ നിരീക്ഷണ സൗകര്യവും സുരക്ഷാവെല്ലുവിളികള്‍ എളുപ്പത്തില്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശേഷിയും നല്‍കും. സുരക്ഷാ പ്രശ്നങ്ങള്‍ കുറക്കാനും വിപുലമായ പരിശോധനകളുടെ ആവശ്യം പരിമിതപ്പെടുത്താനും പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനും ഇതു സഹായിക്കും. വോഡഫോണ്‍ ഐഡിയയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുമായി സുഗമമായി സംയോജിച്ചു മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് നെറ്റ്ഗാര്‍ഡ് ഇഡിആറിന്‍റെ സവിശേഷതകള്‍. തുടക്കത്തില്‍ വോഡഫോണ്‍ ഐഡിയയുടെ 4ജി ശൃംഖലകളിലാവും ഇതു വിന്യസിക്കുക. തുടര്‍ന്ന് 5ജി ശൃംഖലകളിലേക്കും വ്യാപിപ്പിക്കും.